17 November, 2026 07:58:50 PM


മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ പോസ്റ്റുകൾ മെറ്റ നീക്കി; സർക്കാർ നിർദ്ദേശപ്രകാരമെന്ന് രമേശ് ചെന്നിത്തല



തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ സമൂഹമാധ്യമ പോസ്റ്റുകൾ സർക്കാർ നിർദ്ദേശപ്രകാരം മെറ്റ  നീക്കം ചെയ്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ചോദ്യത്തിന്  നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പോസ്റ്റുകൾ നീക്കിയതെന്നും മന്ത്രി വിശദീകരിച്ചു.

ആകെ 15,627 പോസ്റ്റുകളാണ് നീക്കം ചെയ്തത്. ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിൽ നടപടി സ്വീകരിച്ചതായും മറുപടിയിൽ പറയുന്നു. അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.

സർക്കാർ അധികാരമേറ്റശേഷം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽനിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളടങ്ങിയ ന്യൂസ് കാർഡുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നീക്കം ചെയ്യാൻ കേരള പൊലീസ് പോർട്ടൽ വഴി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നായിരുന്നു എംഎൽഎയുടെ ചോദ്യം.

വ്യക്തികൾ നൽകുന്ന പരാതികളുടെയും ഐടി ചട്ടങ്ങൾ പ്രകാരം നീക്കം ചെയ്യാൻ കഴിയുന്ന കൃത്രിമമായി സൃഷ്ടിച്ചതോ എഡിറ്റ് ചെയ്തതോ ആയ ഉള്ളടക്കങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു. കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ സഹോഗ് പോർട്ടൽ വഴി ബന്ധപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകും.

ഐടി ചട്ടങ്ങൾ 2021-ലെ റൂൾ 3(1)(d), റൂൾ 3(2)(b), ഐടി ആക്ടിലെ സെക്ഷൻ 79(3)(b) എന്നിവ പ്രകാരമാണ് നോട്ടീസ് നൽകുന്നതെന്നും ഇത്തരം ഉള്ളടക്കങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രിയുടെ മറുപടിയിൽ പറയുന്നു. നീക്കം ചെയ്ത പോസ്റ്റുകളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ടവയും ഉണ്ടെന്ന് മറുപടി വ്യക്തമാക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912