12 November, 2026 07:16:53 PM


സസ്പെൻഷനിലായ വിദ്യാർത്ഥികൾ മാപ്പുപറഞ്ഞേ പറ്റൂ; നിലപാടിൽ ഉറച്ച് കാലടി സർവകലാശാല



കൊച്ചി: സസ്‌പെൻഷനിൽ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല. വിദ്യാർത്ഥികൾ മാപ്പ് പറയണം. വിദ്യാര്‍ത്ഥികള്‍ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങള്‍ കാരണമാണ് അവര്‍ക്ക് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായതെന്നാണ് സര്‍വകലാശാലയുടെ വാദം. അക്കാദമിക് അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്നും സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുന്‍പും അച്ചടക്കനടപടികളും പൊലീസ് കേസുകളും ഉണ്ടായിട്ടുണ്ടെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനിടെ വിസിയെ തടഞ്ഞുവെച്ച് ആക്രമിച്ചു. വിദ്യാര്‍ഥികള്‍ സിന്‍ഡിക്കറ്റ് യോഗം തടസപ്പെടുത്തി. ക്യാമ്പിലെ അച്ചടക്കം ഉറപ്പാക്കാനാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമല്ല എന്നുമാണ് സംസ്‌കൃത സര്‍വകലാശാല ഉയര്‍ത്തുന്ന വാദം.

ഹർജി നാളെ പരിഗണിക്കും.ചെയ്ത തെറ്റിന് വിദ്യാർത്ഥികൾ മാപ്പ് പറയണമെന്നും പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സർവകലാശാല വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലമാണ് സർവകലാശാല കോടതിയിൽ സമർപ്പിച്ചത്. സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം വിദ്യാർത്ഥികൾ മാപ്പ് പറയുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യാതെ നടപടി പിൻവലിക്കില്ലെന്ന നിലപാട് സർവകലാശാല ആവർത്തിച്ചു. സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർത്ഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914