17 November, 2026 12:59:54 PM


സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: കെഎസ്ഇബി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍



മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13 കാരന്‍ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി. സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൂപ്പർവൈസറി വീഴ്ചയുടെ പേരിലാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുത്തത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.

സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെഎസ്ഇബി ജീവനക്കാർ അടിയന്തരമായി പട്രോളിംഗ് നടത്തി പരിശോധിക്കാൻ വൈദ്യുതി മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ വയലില്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയപ്പോഴാണ് ജുനൈദിന് ഷോക്കേറ്റത്. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചിരുന്നു. സംഭവത്തിൽ കെഎസ്ഇബി സമൂഹത്തോട് മാപ്പ് അപേക്ഷിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292