16 November, 2026 02:50:13 PM
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; സൂഹൈൽ സജീവ് പുറത്തിറങ്ങി

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പര്‍ അപകടത്തിലെ ഒന്നാംപ്രതി സുഹൈല്‍ സജീവ് ജാമ്യത്തിലിറങ്ങി. കാക്കനാട് ജില്ലാ ജയിലിനോട് ചേര്‍ന്നുള്ള ബോര്‍സ്റ്റല്‍ സ്‌കൂളില്‍നിന്നാണ് സുഹൈല്‍ സജീവ് പുറത്തിറങ്ങിയത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് സുഹൈല്‍ ജാമ്യത്തിലിറങ്ങിയത്.
കേസിലെ മറ്റു പ്രതികളായ ജോയല്‍ എസ് ആന്റോ, നിനവ്, അമീന്‍ ഷാ എന്നിവര്‍ നേരത്തെ ജാമ്യത്തിലിറങ്ങിയിരുന്നു. അതേ സമയം, ഒന്നാംപ്രതിയായ സുഹൈല്‍ സജീവിനെ പത്ത് ദിവസങ്ങള്‍ക്കുശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥ കോടതി വെച്ചിരുന്നു. ഇതോടെയാണ് സുഹൈല്‍ സജീവ് ഇന്ന് ജാമ്യത്തിലിറങ്ങിയത്.
ഒക്ടോബര്‍ 11-നാണ് മിനികൂപ്പര്‍ അപകടം ഉണ്ടായത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍വെച്ച് സുഹൈല്‍ ഓടിച്ചിരുന്ന ആഡംബര കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ഇയാസ്, ദേവിക, ഗോപിക എന്നിവര്‍ മരിച്ചിരുന്നു. അപകടദിവസം സുഹൈല്‍ പല ബാറുകളിലും കയറി മദ്യപിച്ചിരുന്നുവെന്നും കാര്‍ അമിതവേഗത്തിലായിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.





