21 November, 2026 01:23:57 PM
പദവി മോഹിച്ചല്ല വന്നത്, കോൺഗ്രസ് പ്രസ്ഥാനത്തിന് ഏറ്റ മുറിവിന് ക്ഷമാപണം നടത്തുന്നു- പത്മജ

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് മടങ്ങാനുള്ള പത്മജ വേണുഗോപാലിൻ്റെ തീരുമാനത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയതോടെ പ്രവർത്തകരോട് മാപ്പ് അപേക്ഷിച്ച് പത്മജ. വികാരപരമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയിൽ ഞാൻ പറഞ്ഞത് ഹൃദയത്തിൻ്റെ ഭാഷയിലാണ്.
അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകരെയും ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാൻ തയ്യാറെടുത്തതെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എൻ്റെ മനസ്സിലുള്ളത്. അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ തന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും അവർ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
വികാരമായ ഒരു നിമിഷത്തില്‍ ഞാന്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയില്‍ ഞാന്‍ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാന്‍ എടുത്ത തീരുമാനം കെ. കരുണാകരന് എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാന്‍ തയ്യാറെടുത്തത്. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്.
പല ഭാഗങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമ വാര്‍ഷിക വേളയില്‍ എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.





