10 November, 2016 12:41:31 AM
ശനിയും ഞായറും ബാങ്കുകൾ തുറക്കും; പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍
ദില്ലി: 500, 1000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത് പരിഹരിക്കുന്നതിന് ഈ ആഴ്ച ശനിയും ഞായറും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എ.ടി.എമ്മുകള്‍ വ്യാഴാഴ്ച മുതൽ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകളില്‍ ലഭ്യമാകുമെന്നും ധനകാര്യ സെക്രട്ടറി അശോക് ലവാസ അറിയിച്ചു.
എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാലും നാളെ പൂര്‍ണതോതില്‍ പുനരാരംഭിക്കില്ല. പല ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 500, 1000 നോട്ടുകള്‍ എടുത്തു മാറ്റി പകരം നോട്ടുകള്‍ വച്ചിട്ടില്ല. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് ആദ്യഘട്ടത്തില്‍ ലഭ്യമാകില്ലെന്ന് എസ്ബിടി വ്യക്തമാക്കി. ബാങ്ക് എടിഎമ്മുകള്‍ എല്ലാം പ്രവര്‍ത്തിച്ചു തുടങ്ങാന്‍ രണ്ടുദിവസം കൂടി എടുത്തേക്കും. 2500 നോട്ടുകളാണ് ഒരു എടിഎമ്മില്‍ വയ്ക്കാന്‍ സാധിക്കുന്നത്. ഇതെല്ലാം 100ന്റെ നോട്ടുകള്‍ വച്ചാലും ഒരു എടിഎമ്മില്‍ രണ്ടരലക്ഷം രൂപയേ കാണൂ. ചില സ്വകാര്യ ബാങ്കുകള്‍ മൂന്നുദിവസം എ.ടി.എമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് വിവിധ ബ്രാഞ്ചുകൾക്ക് നിർദേശം നൽകിയതായും സൂചനകളുണ്ട്.
നോട്ടുകള്‍ പിന്‍വലിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നോട്ടുകള്‍ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും നേരത്തേ ആരംഭിച്ചിരുന്നു. മിക്ക ബാങ്കുകളുടെയും കറന്‍സി ചെസ്റ്റുകളില്‍ ഇതിനകം പുതിയ 2000 രൂപ നോട്ടുകള്‍ എത്തിയിട്ടുണ്ട്. കറന്‍സി ചെസ്റ്റ് ഇല്ലാത്ത ശാഖകളിലേക്കും ഇന്നു പുതിയ നോട്ടുകള്‍ എത്തിച്ചു. അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച ബാങ്കുകളിൽ കൂടുതൽ താൽക്കാലിക കൗണ്ടർ ആരംഭിക്കാൻ എസ്.ബി.ഐ തീരുമാനിച്ചു. ഒരു ദിവസത്തെ അവധിക്കു ശേഷം ബാങ്കുകൾ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് നടപടി. പ്രധാന ശാഖകളിലെല്ലാം കൂടുതൽ കൗണ്ടറുകൾ തുറക്കും.
പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണം. ആധാര്‍,തെരഞ്ഞെടുപ്പ് ഐഡി, പാന്‍കാര്‍ഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു കാർഡ് എന്നിവയിലൊന്ന് തിരിച്ചറിയൽ കാർഡായി സ്വീകരിക്കും. സർക്കാർ ആശുപത്രികൾ, റെയിൽവേ ടിക്കറ്റ് കൗണ്ടർ, പൊതുഗതാഗത സംവിധാനം, പാൽ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഴയ നോട്ടുകൾ വെള്ളിയാഴ്ച വരെ സ്വീകരിക്കും. ശനിയാഴ്ച വരെ മെട്രോ സ്റ്റേഷനുകളിലും പഴയ നോട്ടുകൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ വെള്ളിയാഴ്ച വരെ ടോൾബൂത്തുകളിൽ പണം നൽകേണ്ടതില്ല.
• കോട്ടയ്ക്കലില്‍ 500 രൂപ നോട്ട് മാറാന്‍ 'സൗകര്യം' ഒരുക്കി തട്ടിപ്പ് നടത്തുന്നു. ഓരോ അഞ്ഞൂറിനും 400 രൂപ തന്നു സഹായിക്കുന്നു എന്ന മട്ടില്‍ അന്യസംസ്ഥാനത്തൊഴിലാളികളെ ലക്ഷ്യമിട്ടാണു തട്ടിപ്പ്.
• മിക്ക പമ്ബുകളിലും 500 രൂപയ്ക്ക് മുഴുവനായും പെട്രോള്‍ അടിച്ചാലേ 500 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നുള്ളൂവെന്ന് പരാതിയുണ്ട്. കൊച്ചിയില്‍ ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് പല പെട്രോള്‍ പമ്ബുകളും പൂട്ടി. മില്‍മ ബൂത്തുകളില്‍നിന്ന് 10 പായ്ക്കറ്റ് പാല്‍ വാങ്ങിയാലേ 500 രൂപ സ്വീകരിക്കുന്നുള്ളൂവെന്നും പരാതി. 500, 1000 നോട്ടുകള്‍ സ്വീകരിക്കാത്തതു കാരണം ബവ്റിജസ് ഷോപ്പുകളില്‍ തിരക്കു കുറവാണ്.
• ടിക്കറ്റ് എടുക്കാന്‍ 500 രൂപ വാങ്ങാന്‍ മടിയുള്ള റയില്‍വേക്ക് ട്രെയിനുകളില്‍ പിഴത്തുകയായി 500 നോട്ട് വാങ്ങാന്‍ സമ്മതം. 500നു ബാക്കി നല്‍കാന്‍ പണമില്ലെന്നു പറഞ്ഞു അധികൃതര്‍ മടക്കിയ ട്രെയിന്‍ യാത്രക്കാരെയാണ് റയില്‍വേ കബളിപ്പിച്ചത്. ടിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്തി പിഴയീടാക്കിയപ്പോള്‍ 500 രൂപ സ്വീകരിച്ചെന്നു മാത്രമല്ല, പിഴസംഖ്യയുടെ ബാക്കി തുകയും നല്‍കിയില്ല.
• ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കേണ്ടെന്നു നിര്‍ദേശം. കടകള്‍ക്കു മുന്‍പില്‍ നോട്ടിസ് പതിച്ചു. ഉത്തരവു വന്നതിനു പിന്നാലെ കലവൂരില്‍ ബവ്റിജസ് ഔട്ട്ലെറ്റില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്നു ജീവനക്കാര്‍ അറിയിച്ചതോടെ നീണ്ട ക്യൂ ഇല്ലാതായി. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണിയിലും മരുന്നുകടകളിലും ഈ നോട്ടുകള്‍ സ്വീകരിക്കുമെന്ന് എംഡി അറിയിച്ചു.
• മൂന്നുദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നു സ്വകാര്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഇന്നും നാളെയും മറ്റന്നാളും ബാങ്കുകള്‍ വഴി നേരിട്ട് ഇടപാട് നടത്താനാണ് നിര്‍ദേശം. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ചശേഷം ആധാര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ് ഇവയിലേതെങ്കിലുമൊന്നിന്റെ കോപ്പി ബാങ്കുകള്‍ക്ക് നല്‍കണം.
• പല ക്ഷേത്രങ്ങളിലും വഴിപാടിനു ലഭിച്ചത് 500, 1000 രൂപാ നോട്ടുകള്‍. മിക്കയിടത്തും സ്വീകരിച്ചില്ല. ശാന്തിക്കാര്‍ക്കു ദക്ഷിണയായി ചില്ലറ നോട്ടുകള്‍ ആരും കൊടുക്കുന്നില്ല.
• റെയില്‍വേ സ്റ്റേഷനുകളില്‍ ചില്ലറ തീരുന്നു. ബാങ്കില്‍നിന്നു നൂറു രൂപ നോട്ടുകള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആര്‍ബിഐ നിര്‍ദേശമില്ലാതെ തുക നല്‍കാനാവില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. കത്തു നല്‍കാന്‍ ആര്‍ബിഐ ഇതുവരെ തയാറായിട്ടില്ല. റെയില്‍വേ കൗണ്ടറുകളില്‍ ജീവനക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ ചില്ലറ മാറ്റി നല്‍കുമെന്ന ധാരണയില്‍ എത്തിച്ചേരുന്നവരുമുണ്ട്. ടിക്കറ്റെടുക്കാതെയാണ് പലരും ട്രെയിനില്‍ യാത്ര ചെയ്യുന്നത്. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ കൗണ്ടറിലെ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്കു നീളാന്‍ സാധ്യത. തിരുവനന്തപുരം ബുക്കിങ് ഓഫിസില്‍നിന്ന് നാലര ലക്ഷം രൂപ എത്തിച്ചാണ് ഇതുവരെ മുന്നോട്ടു പോയത്. അതും ഉടന്‍ തീരും.
• പെട്രോള്‍ പമ്ബുകളിലും പണം മാറാമെന്നു പറഞ്ഞിരുന്നെങ്കിലും രണ്ടിടത്തും നോട്ടുകള്‍ സ്വീകരിക്കുന്നില്ല. പെട്രോള്‍ പമ്ബുകളില്‍ 500 രൂപയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ചെറിയ തുകയ്ക്ക് ഇന്ധനം നിറയ്ക്കാനാകുന്നില്ല. ദീര്‍ഘദൂര ബസ്സുകളിലും യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
• 500, 1000 രൂപ എടുക്കില്ലെന്ന നിലപാടിനെത്തുടര്‍ന്നു കൊച്ചിയിലെ പല സ്വകാര്യ ആശുപത്രികളിലും വാക്കേറ്റം. 500, 1000 രൂപ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണു സ്വീകരിക്കുന്നതെന്നു പറഞ്ഞാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ നോട്ടുകള്‍ സ്വീകരിക്കാത്തത്. ഫാര്‍മസി, കന്റീന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നോട്ടുകള്‍ സ്വീകരിക്കാത്തതു തര്‍ക്കത്തിനും കാരണമാകുന്നുണ്ട്. സാധാരണക്കാര്‍ ഇതുമൂലം വലയുന്നുമുണ്ട്. ആശുപത്രികളില്‍ അഡ്മിഷനു പണം വാങ്ങുന്നതും പലയിടത്തും നിര്‍ത്തിവച്ചിട്ടുമുണ്ട്.
• കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്ബുകളില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കുമെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.
• കാസര്‍കോട് ജില്ലയില്‍ വന്‍തോതില്‍ 500, 1000 രൂപകളുടെ കള്ളനോട്ടുകള്‍ ഇറങ്ങിയതായുള്ള പ്രചാരണത്തെത്തുടര്‍ന്ന് വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും നോട്ടുകള്‍ സ്വീകരിക്കുന്നില്ല. പെട്രോള്‍ പമ്ബുകളില്‍ ചില്ലറയില്ലെന്നാണു മറുപടി. റെയില്‍വേ സ്റ്റേഷനിലും ചില്ലറക്ഷാമം രൂക്ഷം. കെഎസ്‌ആര്‍ടിസി ബസുകളില്‍, ചില്ലറ ഇല്ലാത്തതിനാല്‍ ടിക്കറ്റിനു പിറകില്‍ ബാലന്‍സ് തുക എഴുതി നല്‍കുന്നു. ഇതു പിന്നീട് ഡിപ്പോകളില്‍ നിന്നു വാങ്ങാന്‍ യാത്രക്കാര്‍ക്കു നിര്‍ദേശം.
• നികുതി പോലെയുള്ള കാര്യങ്ങള്‍ക്ക് 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കേണ്ടെന്ന് വില്ലേജ് ഓഫിസുകള്‍ക്ക് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി.
• മോട്ടോര്‍വാഹന വകുപ്പിലും 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കേണ്ടെന്നു നിര്‍ദേശമുണ്ട്.
• ചെക്ക്പോസ്റ്റിലും 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന് അറിയുന്നു. വണ്ടിയുടെ ടാക്സും മറ്റും അടയ്ക്കേണ്ട അവസാനദിവസം ഇന്നാണെങ്കില്‍ ബുദ്ധിമുട്ടുണ്ടാവും.
• കെഎസ്‌ആര്‍ടിസി ബസുകളില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ മാനേജ്മെന്റ് നിര്‍ദേശം നല്‍കി. രാവിലെ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.