10 November, 2016 12:04:20 AM
2000 രൂപാ നോട്ടിൽ ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിച്ചിട്ടില്ല- റിസർവ് ബാങ്ക്
മുംബൈ: നവംബർ 10 മുതൽ പുറത്തിറങ്ങുന്ന 2,000 രൂപയുടെ പുതിയ നോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ചിപ്പുകൾ ഇല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. പുതിയ സുരക്ഷാ സവിശേഷതകൾ സംബന്ധിച്ച് നോട്ട് പുറത്തിറക്കുന്ന ദിവസം അറിയിക്കുമെന്ന് ആർ.ബി.ഐ അധികൃതർ പറഞ്ഞു.
തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ നോട്ടിൻെറ ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും അതിന്പുറമേ ഏതെങ്കിലും ചിപ്പിനെ സംബന്ധിച്ച് പരാമർശിക്കുന്നില്ലെന്നും അവർ പറഞ്ഞു. പുതിയ നോട്ടുകളിൽ ഒരു ട്രാക്കിംഗ് ചിപ്പ് ഉൾപ്പെടുത്തിയതായ കിംവദന്തി സോഷ്യൽ മീഡിയകളിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. ഒളിഞ്ഞിരിക്കുന്ന ചിത്രങ്ങൾ, സുരക്ഷാ നൂലിലെ നിറമുള്ള സ്ട്രിപ്പ്, വാട്ടർമാർക്ക് എന്നിവയാണ് പുതിയ 2,000 രൂപയുടെ ഒറ്റനോട്ടത്തിൽ കണ്ടെത്താവുന്ന സുരക്ഷാ സവിശേഷതകൾ.