01 September, 2026 11:05:23 AM


ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ലൈംഗികബന്ധം പോക്‌സോ കുറ്റം- ഹൈക്കോടതി



കൊച്ചി: ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായിട്ടുള്ള ശാരീരിക ബന്ധം പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി. 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം കുട്ടി ആയാണ് കണക്കാക്കുക. അതിനാല്‍ ഭാര്യ ആണോ അല്ലയോ എന്നത് പരിഗണിക്കേണ്ട വിഷയമല്ലെന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ഉത്തരവില്‍ വ്യക്തമാക്കി.

തനിക്കെതിരായ പോക്‌സോ കേസും ബലാത്സംഗക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഇരുപത്തിയേഴുകാരന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതാണെന്നും ഇക്കാര്യം പരാതിക്കാരി പൊലീസിനോട് സമ്മതിച്ചതാണെന്നുമാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഭാര്യ ആയതിനാല്‍ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

എന്നാല്‍ മുസ്ലിം മതാചാരപ്രകാരം വിവാഹം നടത്തിയാലും പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് കോടതി പറഞ്ഞു. 2021-ല്‍ 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി വിലയിരുത്തി.

ഭാര്യയാണെങ്കില്‍ 15-നും 18-നും ഇടയില്‍ പ്രായമുള്ളവരുമായുള്ള ശാരീരികബന്ധത്തില്‍ ബലാത്സംഗക്കേസ് നിലനില്‍ക്കില്ലെന്ന ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ ഇളവ് സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബാധകമാകില്ലെന്നും കോടതി പറഞ്ഞു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ പരിഗണനയിലുള്ള കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924