06 August, 2026 10:22:59 AM


കോടതി ഉത്തരവുകൾ ലംഘിച്ചു; മൂവാറ്റുപുഴ ആർഡിഒയ്ക്ക് 25,000 രൂപ പിഴ



കൊച്ചി: ഭൂമി തരംമാറ്റ അപേക്ഷയുമായി ബന്ധപ്പെട്ട ഉത്തരവുകൾ ആവർത്തിച്ചു ലംഘിച്ച മൂവാറ്റുപുഴ ആർഡിഒയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി. എറണാകുളം ചേരാനല്ലൂർ സ്വദേശി മനു ആന്റണി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നടപടി. കേസിൽ സത്യവാങ്മൂലം നൽകുന്നതിൽ വീഴ്ച വരുത്തിയ ആർഡിഒ, അതിനു സർക്കാർ അഭിഭാഷകനെ പഴിചാരാൻ നോ‌ക്കിയതിനു കോടതി വിമർശിക്കുകയും ചെയ്തു. ഭൂമി ഡേറ്റാ ബാങ്കിൽ നിന്നു നീക്കം ചെയ്യാൻ മനു ആന്റണി നൽകിയ അപേക്ഷ, കണയന്നൂർ താലൂക്കിൽ പ്രവർത്തിക്കുന്ന കാലത്ത് ഈ ഉദ്യോഗസ്ഥൻ തള്ളിയിരുന്നു.

ഫോം-5 അപേക്ഷ പരിഗണിക്കുമ്പോൾ സ്ഥലപരിശോധന നടത്തുകയോ, അല്ലെങ്കിൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ പ്രകാരം ലഭ്യമായ ഉപഗ്രഹചിത്രങ്ങളും മറ്റ് രേഖകളും പരിശോധിക്കുകയോ ചെയ്ത് നിയമാനുസൃതമായ കാരണങ്ങൾ രേഖപ്പെടുത്തിയ സ്പീക്കിംഗ് ഓർഡർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ആ നിർദേശങ്ങൾ പാലിക്കാതെയാണ് വീണ്ടും അപേക്ഷ തള്ളിയത്.

തുടർന്ന് ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. കോടതി വിശദീകരണം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാനും ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാനും നിർദേശിച്ചെങ്കിലും അതും പാലിക്കപ്പെട്ടില്ല. ഇത് അതീവ ഗൗരവത്തോടെയാണ് ഹൈക്കോടതി വിലയിരുത്തിയത്. കോടതി ഉത്തരവുകൾ സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും പാലിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവുകൾ മനഃപൂർവം അവഗണിക്കുന്നത് നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്നതും ജനങ്ങളുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ ബാധിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946