26 November, 2026 01:42:27 PM


ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് 60 ലക്ഷം രൂപ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചു



തിരുവനന്തപുരം: കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായി 60 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പഞ്ചായത്തിന്റെ ദൈനംദിന ഭരണനിർവഹണം സുഗമമാക്കുന്നതിനും അത്യാവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. ജീവനക്കാരുടെ ശമ്പളവിതരണം, ജനപ്രതിനിധികളുടെ ഓണറേറിയം, മറ്റ് ദൈനംദിന ചെലവുകൾ എന്നിവയ്ക്കായി പ്രത്യേക സഹായം വിനിയോഗിക്കാം. ദുർഘടമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉൾനാടൻ പ്രദേശമെന്ന നിലയിലുള്ള വിദൂരതയും കാരണം പഞ്ചായത്തും ജീവനക്കാരും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാരിന്റെ ഈ നടപടി. ഗോത്രമേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളും ഭരണസംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്താനുള്ള തുടർനടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297