27 November, 2026 01:32:24 PM
ഉദ്ദേശ്യശുദ്ധിയിൽ സംശയം; മിഷൻ ചക്കക്കൊമ്പൻ തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുളള മിഷന് ചക്കക്കൊമ്പനെതിരായ പൊതുതാല്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. മാധ്യമങ്ങളില്‍ പ്രശസ്തി നേടാനുള്ള നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും കോടതി വിമര്‍ശിച്ചു. ചങ്ങനാശേരി സ്വദേശിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. മാധ്യമങ്ങളില്‍ പ്രശസ്തി നേടാനുള്ള ഹര്‍ജിക്കാരന്റെ നീക്കമാണിതെന്നും കോടതി വിമര്‍ശിച്ചു.
ഹർജിക്കാരന്റെ വിശ്വാസ്യത അത്യന്തം സംശയാസ്പദമാണെന്ന് വ്യക്തമാക്കിയ കോടതി, പത്ര-ദൃശ്യ മാധ്യമങ്ങളിൽ അൽപനേരത്തെ പ്രശസ്തി നേടുന്നതിനായി നടത്തിയ നീക്കമാണിതെന്നും നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ബെഞ്ചാണ് പ്രിൻസ് ചാക്കോ സമർപ്പിച്ച ഹർജി പരിഗണിച്ചത്. ആനയെ മയക്കുവെടി വെക്കുന്നതും പിടികൂടുന്നതും സ്ഥലം മാറ്റുന്നതും തടയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
കൂടാതെ ആനത്താരകളെയും ആവാസവ്യവസ്ഥയെയും കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും, റേഡിയോ കോളർ ഘടിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും, ചിന്നക്കനാലിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.





