31 July, 2026 12:17:44 PM


മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ടു



വയനാട്: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഒന്നാം പ്രതിയായ ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ മറ്റ് പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.  സംഭവം നടന്ന് നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ‌ വിധി വരുന്നത്.  

പ്രതിപ്പട്ടികയില്‍ 23 മുതല്‍ 57 വരെയുള്ളവരെയാണ് കുറ്റവിമുക്തരാക്കിയത്. രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരൻ. വിചാരണക്കാലയളവിൽ ഇദ്ദേഹം മരിച്ചതിനാല്‍ ശിക്ഷ വിധിച്ചില്ല. എം ഗീതാനന്ദൻ ഒന്നാം പ്രതിയായ ഈ കേസിൽ ആകെ 53-ഓളം ആദിവാസികളെയാണ് പ്രതിചേർത്തിരുന്നത്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ, വിചാരണ നീണ്ടുപോയ 23 വർഷത്തിനിടയിൽ പ്രതികളിൽ പലരും മരണപ്പെട്ടിരുന്നു.
2003 ഫെബ്രുവരി 19നാണ് കേരളത്തെ പിടിച്ചുകുലുക്കിയ ആ സംഭവം. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സി കെ ജാനു, എം ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ആദിവാസി ഗോത്ര മഹാസഭയുടെ കീഴിൽ ആദിവാസികൾ കുടിൽകെട്ടി അവകാശ സമരം നടത്തിവരികയായിരുന്നു. സമരക്കാരെ ഒഴിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമത്തിനിടയിലുണ്ടായ സംഘർഷം വലിയൊരു യുദ്ധക്കളമായി മാറുകയായിരുന്നു.

​ഈ സംഘർഷത്തിനിടയിലാണ് കണ്ണൂർ കെഎപി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കെ വി വിനോദ് കൊല്ലപ്പെടുന്നത്. വിനോദ് ക്രൂരമായ മർദനത്തിനിരയായി ചോരവാർന്നാണ് മരിച്ചത്. ഇതിനുപുറമേ പോലീസ് നടത്തിയ വെടിവെയ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ നിരവധി പോലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റിരുന്നു.

സമരത്തിനിടെ പോലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദമെങ്കിൽ, സംഭവസ്ഥലത്ത് ദൃക്സാക്ഷികൾ ഇല്ലായിരുന്നുവെന്നും പുകയും കണ്ണീർവാതകവും കാരണം അകത്ത് എന്ത് നടന്നു എന്ന് കാണാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941