09 September, 2026 09:15:27 AM
കുമളിയിൽ 16കാരി ജീവനൊടുക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ

ഇടുക്കി: കുമളിയിൽ പ്ലസ്‌ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ കൊല്ലംപട്ടട അരീക്കുഴിക്കൽ വീട്ടിൽ ഗോഡ്സണെയാണ് കുമളി പോലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ പിടികൂടിയത്. ഓഗസ്റ്റ് ഒൻപതിനാണ് 16കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിലുമാണ് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചത്. പെൺകുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ് കഴിയുന്ന അമ്മ, സുഹൃത്ത് ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവുമാണ് പെൺകുട്ടിയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, പെൺകുട്ടിയുടെ ആൺസുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ കഴിഞ്ഞ ഓഗസ്റ്റ് 15ന് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതി ചേർത്തതോടെ ഗോഡ്സണ്‍ ഒളിവിൽ പോകുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിൽ സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തുകയും ചെയ്തു.
തുടർന്ന് ഇടുക്കി എസ് പി ഡോ. എ നസീമിന്റെയും പീരുമേട് ഡിവൈഎസ്പി ഷിജു പി എസ്സിന്റെയും നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൊബൈൽ ടവർ ലൊക്കേഷനുകളും സൈബർ സെല്ലിന്റെ സഹായവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ ശക്തമായ നീക്കത്തിലാണ് ഇയാളെ പുലർച്ചെ കൊച്ചിയിൽ നിന്ന് പിടികൂടിയത്. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്സനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






