06 September, 2026 01:06:43 PM
പാളയം പ്രദീപ് സ്റ്റാഫല്ല; രമ്യ ഹരിദാസിന്റെ വാദം പൊളിയുന്നു

തിരുവനന്തപുരം: ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തമ്മിലടിയില്‍ ആരോപണവിധേയനായ പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണല്‍ സ്റ്റാഫ് എന്ന രമ്യാ ഹരിദാസിന്റെ വാദം തെറ്റ്. രമ്യയുടെ സഹായിയായാണ് പ്രദീപ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗത്തില്‍ ഉള്‍പ്പെടെ പ്രദീപ് പങ്കെടുത്ത നടപടിയും വിവാദമാവുകയാണ്.
ഒരു എംഎൽഎയ്ക്ക് സർക്കാർ അനുവദിക്കുന്ന ഔദ്യോഗിക സ്റ്റാഫ് അംഗങ്ങളുടെ പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല. നിലവിൽ മൂന്ന് സ്റ്റാഫുകളാണ് എംഎൽഎയ്ക്ക് അനുവദിച്ചിട്ടുള്ളത്. മണ്ഡലം പ്രതിനിധിയായി ഡെപ്യൂട്ടേഷനിൽ എത്തിയ വിമൽ, ഡ്രൈവർ, മറ്റൊരു സ്റ്റാഫ് അംഗം എന്നിവരാണ് ഔദ്യോഗിക പട്ടികയിലുള്ളതെന്നാണ് വിവരം.
ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക യോഗത്തില്‍ പാളയം പ്രദീപ് പങ്കെടുത്തത് ചട്ടവിരുദ്ധമായാണെന്ന് വിവരം വന്നിരുന്നു. രമ്യ ഹരിദാസിന്റെ സഹായി മാത്രമാണ് പാളയം പ്രദീപ്. ഔദ്യോഗിക പിഎയ്ക്ക് മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്. പാളയം പ്രദീപ് യോഗത്തില്‍ പങ്കെടുത്തത് സജിത്ത് മുട്ടപ്പാലം ചോദ്യം ചെയ്തിരുന്നു.
ചിറയിൻകീഴിലെ തർക്കത്തിന് പിന്നാലെ പ്രദീപിന്റെ ഇടപെടലും കോൺഗ്രസിനുള്ളിൽ ചർച്ചയായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പ്രദീപ് പങ്കെടുത്തത് ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമായതെന്നാണ് വിവരം. തുടർന്ന് രമ്യ ഹരിദാസും പ്രദീപും ചേർന്ന് രാത്രി ചോദ്യം ചെയ്തയാളുടെ വീട്ടിലെത്തിയതും അവിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതുമാണ് വിവാദമായത്.







