31 August, 2026 09:19:40 AM
കോഴിക്കോട് പൊലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തി; നാലുപേർ പിടിയിൽ

കോഴിക്കോട് : മാനാഞ്ചിറ സ്ക്വയറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സിറിഞ്ച് ഉപയോഗിച്ച് കുത്തുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി പുതിയോടത്ത് വീട്ടിൽ ബെന്നി ലോയ്ഡ് (48 വയസ്സ്), പരപ്പിൽ സ്വദേശി ദുക്കിർ മൻസിലിൽ രജാദ് ( 38 വയസ്സ്), രാമനാട്ടുകര സ്വദേശി തട്ടായതാഴത്ത് പറമ്പ് വീട്ടിൽ നന്ദകുമാർ (25 വയസ്സ്), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി കോയിക്കൽ പറമ്പ് വീട്ടിൽ അദ്നുൽ ഷാഹിം (22 വയസ്സ്) എന്നീ പ്രതികളെയാണ് ടൗൺ പൊലീസും, സിറ്റി ക്രൈം സ്ക്വേഡും ചേർന്ന് പിടികൂടിയത്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മാനാഞ്ചിറ സ്ക്വയറിനുള്ളിൽ വെച്ച് പണപ്പിരിവ് നടത്തുന്നുണ്ട് എന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മാനാഞ്ചിറ സ്ക്വയറിനുള്ളിലെ മരത്തറയിൽ ഇരിക്കുകയായിരുന്ന പ്രതികളെ പൊലീസ് കണ്ടെത്തി. തുടർന്ന് പോലീസും പ്രതികളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുക ആയിരുന്നു. ഈ സമയത്ത്, പ്രതികളിലൊരാൾ കയ്യിലിരുന്ന സിറിഞ്ച് ഉപയോഗിച്ച് ആദർശ് എന്ന പൊലീസുകാരന്റെ വലതു കൈപ്പത്തിയുടെ മുകൾഭാഗത്ത് കുത്തി. അതിന് ശേഷം, പ്രതികൾ ഓടി രക്ഷപ്പെടുകയുമായിരുന്നു.
ഉടൻ തന്നെ കുത്തേറ്റ പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണറുടെ നിർദേശപ്രകാരം സിറ്റി ക്രൈം സ്ക്വേഡും, ടൗൺ പൊലീസും ചേർന്ന് പ്രതികൾക്കായി ഊർജിത അന്വേഷണം നടത്തുകയും സിറ്റിയിലെ വിവിധയിടങ്ങളിൽ വെച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.







