11 September, 2026 07:56:21 PM


മാണി സി കാപ്പനെ അയോഗ്യനാക്കണം, പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണം; ഹൈക്കോടതിയില്‍ ഹര്‍ജി



കൊച്ചി: ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പരാതിക്കാരനായ ദിനേശ് മേനോന്‍. മാണി സി കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ല. പാലാ നിയമസഭാ സീറ്റ് മാണി സി കാപ്പന്‍ ഒഴിഞ്ഞതായി സ്പീക്കര്‍ വിജ്ഞാപനം ഇറക്കണം. പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി കാപ്പന്റെ എംഎല്‍എ ആനുകൂല്യങ്ങള്‍ തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദിനേശ് മേനോന്‍ കോടതിയെ സമീപിച്ചത്.

മാണി സി കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്കും ദിനേശ് മേനോന്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തില്‍ മാണി സി കാപ്പന്‍ കുറ്റക്കാരന്‍ എന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയതോടെയായിരുന്നു നടപടി. നാല് കേസുകളിലായി മാണി സി കാപ്പന് മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധി അയോഗ്യനാക്കപ്പെടുമെന്നാണ് പരാതിക്കാരന്റെ വാദം.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളില്‍ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

മൂന്നുകോടിയിലധികം രൂപ മാണി സി കാപ്പന്‍ തട്ടിയെടുത്തുവെന്നാണ് കേസ്. അതേസമയം കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചത് മാണി സി കാപ്പന് ആശ്വാസമായിരിന്നു. കാപ്പന്‍ നേരിട്ട് കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി. ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് മാണി സി കാപ്പന്റെ നീക്കം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304