24 July, 2026 09:15:29 AM


കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 5.37 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ



ചിങ്ങവനം: കാനഡയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ ചിങ്ങവനം പോലീസ് തമിഴ്നാട്ടിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പോസ്റ്റൽ അതിർത്തിയിൽ പെനിയേൽ വീട്ടിൽ പി.ടി. ജോർജിന്റെ മകൻ വില്യം ജോർജ് ആണ് പിടിയിലായത്. ഇയാളെ 2026 ജൂലൈ 22-ന് തമിഴ്നാട്ടിലെ മേട്ടുപാളയത്തുള്ള വാടകവീട്ടിൽ നിന്നാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

പനച്ചിക്കാട് വില്ലേജിലെ ചോഴിയക്കാട് സ്വദേശിയായ ജോസ് കെ.ജിയുടെ മകൻ ജെറിൻ മാത്യുവിന് കാനഡയിൽ ഡ്രൈവർ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 2023 സെപ്റ്റംബർ മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി 5,37,500 രൂപ കൈപ്പറ്റിയത്. എന്നാൽ ജോലി ലഭ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ കബളിപ്പിച്ചെന്നാണ് പരാതി. ഇതിനെ തുടർന്ന്  ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തകേസിലാണ് അറസ്റ്റ്.

പോലീസ് അന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ വാടകവീടുകൾ മാറിമാറി താമസിച്ച് ഒളിവിൽ കഴിയുകയായിരുന്നുവെന്ന് കണ്ടെത്തി. ജില്ലാ പോലീസ് മേധാവി സാബു മാത്യു K. M IPS ന്റെ നിർദ്ദേശപ്രകാരം ചിങ്ങവനം സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപ് എസ്സ് ന്റെ നേതൃത്വത്തിൽ എസ്.ഐ കൃഷ്ണകുമാർ എസ്, പോലീസ് ഉദ്യോഗസ്ഥരായ സുമേഷ് കെ. സുധാകരൻ, സാൽബിൻ കെ. സെബാസ്റ്റ്യൻ എന്നിവർ നടത്തിയ തന്ത്രപരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

സമാനരീതിയിൽ നിരവധി പേരെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത്, കോയിപ്രം, പത്തനംതിട്ട തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. തട്ടിപ്പിനായി സാം, ജോഷി, വില്യം, വിമൽ തുടങ്ങിയ വ്യാജപേരുകൾ ഉപയോഗിച്ചിരുന്ന ഇയാൾ പതിനഞ്ചോളം മൊബൈൽ നമ്പറുകളും വിവിധ പേരുകളിലുള്ള ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

സോഷ്യൽ മീഡിയയിലെ ജോലി പരസ്യങ്ങൾ കണ്ട് ബന്ധപ്പെടുന്നവരുമായി വാട്ട്‌സ്ആപ്പ് കോളുകൾ വഴിമാത്രമാണ് ഇയാൾ ആശയവിനിമയം നടത്തിയിരുന്നത്. പോലീസ് നിരീക്ഷണത്തിൽപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ പതിവായി സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുന്നതും ഇയാളുടെ തന്ത്രമായിരുന്നു.  വിദേശ ജോലി വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് പണം കൈമാറുന്നതിന് മുമ്പ് ഏജൻസികളുടെ വിശ്വാസ്യത ഉറപ്പാക്കുകയും ആവശ്യമായ രേഖകൾ പരിശോധിക്കുകയും ചെയ്യേണ്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959