24 September, 2026 12:42:14 PM


തെ​ലു​ങ്കാ​ന​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥിനി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ



ഹൈദരാബാദ്: തെലങ്കാനയിൽ 18 കാരിയായ നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് പൊലീസ്. ഖമ്മം മേഖലയിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായ ഹരിണിയെയാണ് ജുലുരുപാട് മണ്ഡലത്തിലെ വെങ്ങണ്ണപാലേം ഗ്രാമത്തിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അവധിക്കായി നാട്ടിലെത്തിയതായിരുന്നു ഹരിണി.

അമ്മ രാജേശ്വരി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകളെ കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് വീടിന്റെ പരിസരത്ത് ബാത്ത്റൂമിന് പിന്നിൽ ഹരിണിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഘവും ക്ലൂസ് ടീമും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഭർത്താവിന്റെ മരണശേഷം ദിവസവേതന ജോലിയിലൂടെ രണ്ട് പെൺമക്കളെയും വളർത്തിവരികയായിരുന്നു രാജേശ്വരി.  

പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകളാണ് കേസിൽ നിർണായകമായത്. കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ രജിസ്റ്റർ ചെയ്തിരുന്ന സംശയാസ്പദ മരണ കേസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1) വകുപ്പ് പ്രകാരമുള്ള കൊലപാതകക്കേസായി മാറ്റുമെന്ന് കോത്തഗുഡം ഡിഎസ്പി എൽ. ആദി നാരായണ പറഞ്ഞു. സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ ചിലരെ പൊലീസ് തിരിച്ചറിഞ്ഞതായും ഇവരെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ഹരിണിയുമായി പരിചയമുള്ളവരെയും സംഭവത്തിന് മുമ്പുള്ള അവളുടെ നീക്കങ്ങളെയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സംഭവത്തിന് ശേഷം സംശയിക്കുന്നവരുടെ നീക്കങ്ങളും ഫോൺ വിവരങ്ങളും ഉൾപ്പെടെയുള്ള തെളിവുകളും പരിശോധിച്ചുവരികയാണ്. അതേസമയം, ഹരിണിക്ക് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ വിശദമായ ഫോറൻസിക്, മെഡിക്കൽ റിപ്പോർട്ടുകൾക്കായി പൊലീസ് കാത്തിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം പ്രധാന പ്രതിയെ പിടികൂടാനുള്ള നടപടികളും തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936