14 September, 2026 03:59:17 PM
തണ്ണീർമുക്കം സന്തോഷ് വധക്കേസ്: അയൽവാസി പിടിയിൽ

ആലപ്പുഴ: തണ്ണീർമുക്കം കരിക്കാട് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് പൊലീസ് കരുതുന്ന സമീപവാസി പി.ആർ. ഐറിഷ് (48) പൊലീസിൽ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥയായ ചേർത്തല സിഐ മഞ്ജു ദാസിന് മുന്നിലാണ് ഐറിഷ് കീഴടങ്ങിയത്. സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാൾ പൊലീസിൽ ഹാജരായത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഐറിഷ് വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇയാൾ കീഴടങ്ങിയത്. മുഹമ്മ പൊലീസ് സ്റ്റേഷനിലെത്തിച്ച ഐറിഷിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
തടിപ്പണിക്കാരനായിരുന്ന സന്തോഷ് രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിലാണ് താമസം. സമീപവാസികളുമായി വലിയ അടുപ്പമില്ലാതിരുന്ന സന്തോഷിനെതിരെ സമീപവാസിയായ പെൺകുട്ടിയോട് മോശമായി സംസാരിച്ചെന്നാരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സന്തോഷ് എത്തിയിരുന്നില്ല.
തുടർന്ന് സന്തോഷിനെ അന്വേഷിച്ച് ഞായറാഴ്ച രാവിലെ മുഹമ്മ പൊലീസ് വീട്ടിലെത്തി. സുഖമില്ലാതെ കിടക്കുകയാണെന്ന് കരുതി ആശുപത്രിയിലേക്ക് മാറ്റാൻ 108 ആംബുലൻസ് വിളിച്ചുവരുത്തി. എന്നാൽ പരിശോധനയ്ക്കിടെ മുഖത്ത് രക്തവും തലയിലും ചെവിക്ക് പിന്നിലും മുറിവുകളും കണ്ടെത്തുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിച്ചു. മുറിക്ക് സമീപത്തുനിന്ന് രണ്ടായി ഒടിഞ്ഞ നിലയിലുള്ള മുളങ്കമ്പും പൊലീസ് കണ്ടെത്തി.
സന്തോഷ് മുറിയിൽ സൂക്ഷിച്ചിരുന്ന മുളങ്കമ്പുകളിൽ ഒന്നാണിതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സംഭവത്തിൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിൽ നിന്നെത്തിച്ച പൊലീസ് നായ വീടിന് മുന്നിലെ റോഡിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ പോയി സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിന് സമീപം നിന്നിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.





