04 July, 2026 02:25:12 PM


ചെടികള്‍ വെട്ടിനശിപ്പിച്ച സംഭവം: കൗണ്‍സിലറുടെ നടപടി തെറ്റെന്ന് നഗരസഭാ കൗണ്‍സില്‍



ഏറ്റുമാനൂർ: നാട്ടുകാർ നിരത്തുവക്കിൽ നട്ടുപിടിപ്പിച്ച അലങ്കാര ചെടികളും ഔഷധസസ്യങ്ങളും വെട്ടിനശിപ്പിച്ച വാര്‍ഡ് കൗൺസിലറുടെ നടപടി തെറ്റായിപോയെന്ന് ഏറ്റുമാനൂർ നഗരസഭാ കൗണ്‍സില്‍. നഗരസഭ 35-ാം വാർഡിലെ ശക്തിലെയ്നില്‍ മഴക്കാലപൂർവശുചീകരണത്തിന്‍റെ  മറവിൽ വാർഡ് കൗൺസിലർ ഉഷാ സുരേഷ് ചെടികൾ വെട്ടിനശിപ്പിച്ചത് പരാതിക്കിടയാക്കിയിരുന്നു. സിപിഎം പ്രതിനിധി ഇ.എസ്.ബിജുവാണ് വിഷയം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കൗണ്‍സിലറുടെ നടപടിക്കെതിരെ അംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, ഉഷാ സുരേഷ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ല.

പ്രകൃതിസംരക്ഷണവും സൗന്ദര്യവത്ക്കരണവും ലക്ഷ്യമിട്ട് സ്വകാര്യവ്യക്തികൾ റോഡരികിൽ നട്ടുപിടിപ്പിച്ച ചെടികളെല്ലാം കൗൺസിലർ നശിപ്പിച്ചതിനെതിരെ പ്രദേശവാസിയായ വട്ടമലയിൽ വി.എൻ. രാജപ്പൻ നഗരസഭാ അധികൃതർക്ക് പരാതി നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം ഏകപക്ഷീയമായ രീതിയിലുള്ള കൗൺസിലറുടെ ഈ നടപടി തെറ്റായിപോയെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിഷയം നഗരസഭാ കൌണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം  ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.


വ്യക്തിവിരോധത്തിന്‍റെയും രാഷ്ട്രീയ പകപോക്കലിന്‍റെയും ഭാഗമായാണ് ബിജെപി പ്രതിനിധിയായ കൗണ്‍സിലറുടെ നടപടിയെന്നാണ് രാജപ്പന്‍ പരാതിപ്പെട്ടത്. സ്ഥലവാസികള്‍ക്ക് സ്വകാര്യവഴിയായി ഉപയോഗിക്കുന്നതിന് ആധാരപ്രകാരം അവകാശം ലഭിച്ച റോഡ് ഇതുവരെ ആരും നഗരസഭക്ക് രേഖാമൂലം കൈമാറിയിട്ടില്ലെന്നും അങ്ങിനെ സംഭവിക്കാത്തിടത്തോളം കാലം തങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കൗൺസിലർക്കോ നഗരസഭയ്ക്കോ അധികാരമില്ലെന്നും പരാതിക്കാരൻ ചൂണ്ടികാട്ടുന്നു.

ഇന്ന് വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്നും ഒരാള്‍പോലും ഉഷാ സുരേഷിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. ക്ഷേത്രത്തില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന തുളസിചെടി ഉള്‍പ്പെടെയുള്ളവ വെട്ടികളഞ്ഞത് ശരിയാണോ എന്ന് ഈ.എസ്. ബിജു ബിജെപി അംഗങ്ങളോടായി ചോദിച്ചെങ്കിലും അവരും മൌനം പാലിച്ചു. അനധികൃതമായി ആരെങ്കിലും ചെടികളോ മരങ്ങളോ നട്ടുപിടിപ്പിച്ചത് ശ്രദ്ധയില്‍പെട്ടാല്‍ സെക്രട്ടറി നോട്ടീസ് നല്‍കിവേണം നടപടി സ്വീകരിക്കാനെന്നും ചൂണ്ടികാണിക്കപ്പെട്ടു. 

നഗരസഭാ കൗണ്‍സിലിന്‍റെ തീരുമാനം ഇല്ലാതെയും തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെയും കൗണ്‍സിലര്‍ ചെടികള്‍ വെട്ടിനശിപ്പിച്ചത് വീട്ടില്‍ ആളില്ലാത്ത നേരത്തായിരുന്നുവെന്നും രാജപ്പന്‍ പരാതിയിൽ പറയുന്നു. നിരത്തുവക്കുകൾ മോടിപിടിപ്പിക്കുന്നതും പ്രകൃതി സംരക്ഷണത്തിനുമായി സർക്കാർ തന്നെ മുൻകൈ എടുത്ത് പദ്ധതികൾ പ്രാവർത്തികമാക്കി വരുന്നതിനിടെയാണ് കൗൺസിലറുടെ ഈ നടപടി. ഈ റോഡിലല്ലാതെ വാർഡിൽ മറ്റൊരിടത്തും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297