23 March, 2026 03:10:40 PM
ജലസംരക്ഷണം ഒരു സംസ്കാരമായി വളർത്തിയെടുക്കണം - ഡോ. സി.റ്റി. അരവിന്ദ് കുമാർ

ഏറ്റുമാനൂർ: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ശുദ്ധജല ലഭ്യതയെ സാരമായി ബാധിക്കുന്ന ഈ കാലഘട്ടത്തിൽ, ജലസംരക്ഷണം ഒരു സംസ്കാരമായി വളർത്തിയെടുക്കണമെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.റ്റി. അരവിന്ദ് കുമാർ പറഞ്ഞു. ലോക ജലദിനാചരണത്തോടനുബന്ധിച്ച് ഏറ്റുമാനൂർ പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിയ്ക്കുന്ന ശ്രീമൂലം നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴവെള്ള സംഭരണത്തിലൂടെ ഭൂഗർഭ ജലനിരപ്പ് ഉയർത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾക്ക് കുടിവെള്ളം നൽകുന്നതിനായി ലൈബ്രറിയിൽ സ്ഥാപിച്ച വാട്ടർ ഡിസ്പെൻസറിന്റെ സമർപ്പണം വ്യവസായ സംരംഭകൻ ഫിലിപ്പ് ജോസഫ് മണിയാലിൽ നിർവ്വഹിച്ചു. പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, മുൻ പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, വിദ്യാധിരാജ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ, പരിസ്ഥിതിപ്രവർത്തകൻ ജെയിംസ് പുളിക്കൻ, സൂസൻ തോമസ്, കെ.സി. ശിവൻ ആചാരി, വൈസ് പ്രസിഡന്റ് വിദ്യ ആർ. പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.





