20 March, 2026 04:25:51 PM
സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് ഫ്ലക്സും പോസ്റ്ററും അടിച്ചു; സീറ്റ് കിട്ടാത്തതിൽ നിരാശയെന്ന് ജോസഫ് വാഴയ്ക്കൻ

ഏറ്റുമാനൂർ : സ്ഥാനാർത്ഥിയാകുമെന്ന നേതാക്കളുടെ ഉറപ്പിൽ ഫ്ലക്സും പോസ്റ്ററും തയാറാക്കിയ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് സീറ്റ് ലഭിച്ചില്ല. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് ജോസഫ് വാഴയ്ക്കൻ തയാറെടുപ്പ് നടത്തിയത്. ഒന്നരലക്ഷം പോസ്റ്ററും 2500 ഫ്ലക്സ് ബോർഡുമാണ് തയാറാക്കിയത്. ഏറ്റുമാനൂരില്‍ ഒറ്റപ്പേരെന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് ഫ്ലക്സും പോസ്റ്ററും തയാറാക്കിയതെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമുണ്ടെന്നും ജോസഫ് വാഴയ്ക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം മുതല്‍ തന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞത്. ഇക്കാര്യം തന്നോടു സൂചിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങാനും പോസ്റ്റുകളും ഫ്ലക്സും പ്രിന്റ് ചെയ്യാനും പറഞ്ഞു. അതുകൊണ്ടാണ് വന്‍ തുക ചിലവഴിച്ച് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
എന്നെ ഞാൻ ആക്കിയ പ്രസ്ഥാനത്തിന് വേണ്ടി എന്നാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാൻ ഇന്നലെകളിൽ എന്ന പോലെ ഇനിയും നിലകൊള്ളുക എന്നതാണ് നിലപാടെന്ന് ജോസഫ് വാഴയ്ക്കൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.





