03 April, 2026 10:20:16 AM
ബിജെപിയെ പ്രതിരോധത്തിലാക്കി നീണ്ടൂർ മൂഴിക്കുളങ്ങര ക്ഷേത്രത്തിലെ തങ്കയങ്കി മോഷണം

ഏറ്റുമാനൂർ: നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തങ്കയങ്കി മോഷ്ടിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിലായത് തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ബിജെപി കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കുന്നു. കേസിൽ ബിജെപിയുടെ നീണ്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും സജീവ പ്രവർത്തകനുമായ സനൽ നമ്പൂതിരിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത് വൻ ചർച്ചയായി. ക്ഷേത്രത്തിലെ സുപ്രധാന ആഭരണങ്ങളിലൊന്നായ തങ്കമുട്ടിയാണ് (തങ്കയങ്കി) ഇയാൾ അപഹരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ബിജെപിയുടെ പതനം പൂർണമാക്കുന്നതാണ് ഈ സംഭവമെന്ന് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു. ബിജെപി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന നേതാവിന്റെ ഈ നടപടിയെന്നത് സംസ്ഥാന തലത്തിലും ചർച്ചയായിട്ടുണ്ട്. അധികാരമോഹവും അഴിമതിയും ലക്ഷ്യമിട്ട് മറ്റ് പാർട്ടികളിൽ നിന്നും ചേക്കേറിയവർ ബിജെപിയുടെ ശാപമായി മാറിയിരിക്കുന്നതിനിടെയാണ് ഈ സംഭവമെന്ന് ആർ എസ് എസിലൂടെ വളർന്നുവന്ന ഒരു അടിയുറച്ച പാർട്ടി പ്രവർത്തകൻ അഭിപ്രായപ്പെട്ടു. ഹിന്ദു വിശ്വാസങ്ങളുടെ കാവൽക്കാരായി അറിയപ്പെടുന്ന പാർട്ടിയുടെ തനിനിറം ഇതോടെ പുറത്തായെന്ന് പാർട്ടിയിലെ തിരുത്തൽവാദികളും ചൂണ്ടിക്കാട്ടുന്നു.
'സ്വർണക്കള്ളന്മാർ' എന്ന് വിളിച്ച് ദേവസ്വം ബോർഡിനെതിരെയും എൽഡിഎഫ് സർക്കാരിനെതിരെയും പ്രതിരോധത്തിലാക്കിയ ബിജെപി നേതൃത്വത്തിന് ഈ സംഭവം വലിയ തിരിച്ചടിയായി. സർക്കാരിനെ കളിയാക്കിയവർ സ്വന്തം സംഘടനയിലെ നേതാവ് ക്ഷേത്രത്തിൽ കയറി സ്വർണം മോഷ്ടിച്ചതിന് എന്ത് മറുപടിയാണ് നൽകുക എന്ന ചോദ്യമാണ് എൽഡിഎഫ് പാളയത്തിൽ നിന്നുയരുന്നത്. ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും സംരക്ഷകർ എന്ന് അവകാശപ്പെടുന്നവരുടെ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്ന നിർദേശവുമായാണ് എൽഡിഎഫ് നേതൃത്വം രംഗത്ത് വന്നിട്ടുള്ളത്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മോഷണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.





