05 November, 2016 11:12:15 PM
എസ്.ബി.ഐ വായ്പ : തിരിച്ച് അടയ്ക്കാത്തവരുടെ പട്ടികയില്‍ മല്യ മുന്നില്‍
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയില്‍ നിന്ന് വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുടെ പട്ടിക പുറത്ത്. ഏറ്റവും കൂടുതല്‍ തുക തിരിച്ചടയ്ക്കാനുള്ള 100 പേരുടെ പേരുകളാണ് തുക സഹിതം ഡി.എന്‍.എ പ്രസിദ്ധീകരിച്ചത്. വായപ തിരിച്ചടക്കുന്നതില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തിയവരുടെ പട്ടികയില്‍ വിജയ്മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സാണ് മുന്നില്‍. 1201.40 കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് എസ്.ബി.ഐക്ക് തിരിച്ചടയ്ക്കാനുള്ളത്.
നൂറു പേരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള കിന്‍ഷിപ്പ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു ഷിപ്പിങ് കമ്പനിയുമുണ്ട്. പലരായി 8000 കോടിക്ക് മുകളിലാണ് വായ്പ തിരിച്ചടക്കാനുള്ളത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗ്നിറ്റെ എഡ്യുക്കേഷന്‍ ലിമിറ്റഡ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇവര്‍ 315.45 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്.
മുംബൈ ആസ്ഥാനമായുള്ള ശ്രീറാം കോര്‍പ്പറേഷന്‍ (283.08 കോടി), ചെന്നൈ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമായ ഫസ്റ്റ്‌ലീസിങ് കമ്പനി (235.29 കോടി) തമിഴ്‌നാട്ടിലെ ടെലി മറീന്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് (166.85) എന്നീ കമ്പനികളാണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. പട്ടികയില്‍ 87-ാം സ്ഥാനത്തുള്ള കേരളത്തില്‍ നിന്നുള്ള കിന്‍ഷിപ്പ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 35.72 കോടിയാണ് തിരിച്ചടക്കാനുള്ളത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കാണിത്.