30 May, 2026 10:40:56 PM


'അഞ്ചുമണി വിസ്മയം': റിട്ടയര്‍ ചെയ്ത് പടിയിറങ്ങാന്‍ മിനിറ്റുകള്‍ അവശേഷിക്കെ സ്ഥാനക്കയറ്റം



കോട്ടയം: സർവീസിൽ നിന്നും പിരിയുന്നതിന് ഏതാനും മിനിറ്റുകൾക്കു മുമ്പേ സ്ഥാനക്കയറ്റം ലഭിച്ച് ഉത്തരവ്. അതും സഹപ്രവർത്തകരുടെ യാത്രയയപ്പിന് ശേഷം അഞ്ച് മണിക്ക് ഓഫീസിൽ നിന്നും ഇറങ്ങാൻ ഒരുങ്ങവെ. പൊതുമരാമത്തുവകുപ്പ് റോഡ്‌സ് മെയിന്‍റനൻസ് വിഭാഗം കോട്ടയം ഓഫീസിലെ ജൂണിയർ സൂപ്രണ്ട് പി. എസ്. ഗോപകുമാറാണ് ഈ ഭാഗ്യവാൻ. 


25 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന ഗോപകുമാറിന് ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇന്ന് കോട്ടയം റസ്റ്റ് ഹൗസിൽ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അവസാനപ്രവൃത്തിദിനമായ ഇന്നും പതിവുപോലെ അഞ്ച് മണിക്ക് ഓഫീസില്‍നിന്നിറങ്ങാന്‍ നിശ്ചയിച്ചാണ് യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയത്. അങ്ങനെ ക്ലോക്കിലെ സൂചി അഞ്ചു മണിയിലേക്ക് അടുക്കവെ ഗോപകുമാറിനെ വീട്ടില്‍ കൊണ്ടുവിടാനായി കുറെ സഹപ്രവര്‍ത്തകരും ഒരുങ്ങിയിറങ്ങി. 25 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് തിരശ്ശീല വീഴാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നില്‍ക്കവെയാണ് ഞെട്ടലും സന്തോഷവും ഒന്നിച്ച് നല്‍കികൊണ്ട് കിടിലൻ ക്ലൈമാക്സിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.


പെൻഷൻ പേപ്പറുകൾ സ്വപ്നം കണ്ട് നിന്ന ഗോപകുമാറിനെത്തേടിയെത്തത് പക്ഷെ റിട്ടയർമെന്‍റല്ല, പകരം പ്രൊമോഷന്‍ ഉത്തരവായിരുന്നു. കോട്ടയം ബിൽഡിംഗ് ഡിവിഷനിൽ സീനിയർ സൂപ്രണ്ടായി പ്രൊമോഷൻ ലഭിച്ചുകൊണ്ടുള്ള ഉത്തരവ്. അവസാന ഓവറിലെ അവസാനത്തെ പന്തിൽ സിക്സർ അടിച്ചു എന്നു പറയും പോലെ വന്ന ഉത്തരവ് കൈപ്പറ്റി ഒട്ടും സമയം കളയാതെ തന്നെ അദ്ദേഹം പുതിയ ഓഫീസിലെത്തി സ്ഥാനമേറ്റു. ഗോപകുമാറിന് വിരമിക്കൽ ആശംസകൾ നല്‍കിയവര്‍ പിന്നാലെ പുതിയ പോസ്റ്റിലേക്കുള്ള പ്രൊമോഷൻ ആശംസകളുമായി രംഗത്തെത്തിയതും ഏറെ കൌതുകമായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945