26 May, 2026 09:31:10 PM
മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം : മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അയ്മനം പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് പി പി (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോട് കൂടിയായിരുന്നു സംഭവം. അയ്മനം കല്ലുമട പാലത്തിനടിയിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കളുടെ സംഘം. കുളിക്കുന്നതിനിടെ ഇരുകരകളിലേക്കും നീന്തുകയായിരുന്ന അഭിഷേക് കൈകൾ കുഴഞ്ഞ് മുങ്ങി പോകുകയായിരുന്നുവെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടികൂടിയ നാട്ടുകാർ വിവരം കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റ് സംഘത്തെ അറിയിച്ചു. അഗ്നിരക്ഷാസേന സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ അരമണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് മീനച്ചിലാറ്റിൽ നിന്നും യുവാവിനെ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.





