18 May, 2026 05:01:39 PM


കോട്ടയത്ത് സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം



കോട്ടയം : കോട്ടയം നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷന് സമീപം സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടയം നഗരത്തിൽ പുളിമൂട് ജംഗ്ഷന് സമീപത്തായാണ് അപകടം ഉണ്ടായത്. കോട്ടയം തിരുവാതുക്കൽ മലരിക്കൽ ഭാഗത്തുനിന്നും തിരുനക്കര സ്റ്റാൻഡിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്. കാരാപ്പുഴ റോഡിൽ നിന്നും പുളിമൂട് ജംഗ്ഷനിലേക്ക് തിരിയുന്ന ഇടവഴിയിൽ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ ബസ്സിന്റെ മുൻഭാഗം വൈദ്യുതി പോസ്റ്റിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ബസിനു മുകളിലേക്ക് ചാരിനിന്നു. വൈദ്യുതി പോസ്റ്റിൽ നിന്നും ലൈനുകൾ പൊട്ടി ബസ്സിനു മുകളിലേയ്ക്ക് വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്തെ കടയിൽ ഉണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ചേർന്ന് ബസ്സിനുള്ളിൽ നിന്നും ആളുകളെ രക്ഷിച്ചു. നാട്ടുകാർ വിവരമറിയിച്ചത് അഗ്നി രക്ഷാസേനയും പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. അപകടത്തെ തുടർന്ന് കോട്ടയം നഗരത്തിൽ വൈദ്യുതി ബന്ധം നിലച്ചു. പുളിമൂട് ജംഗ്ഷനിൽ നേരിയ ഗതാഗത കുരുക്കും ഉണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K