19 May, 2026 02:00:28 PM


പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു



കോട്ടയം: പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ഡ്യൂക്ക് ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയനാ(21)ണ് മരിച്ചത്. ഈ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ആരീപ്പറമ്പ് പറപ്പള്ളിക്കുന്ന് സ്വദേശി ഗിരിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കത്തോട് തെങ്ങുംപള്ളി ഭാഗത്ത് പൂവത്തിളപ്പ് റോഡിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ആകാശ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുടെ ബൈക്കുമായി മത്സരയോട്ടത്തിൽ ഏർപ്പെടുകയായിരുന്നു ആകാശെന്ന് പൊലീസ് പറഞ്ഞു. ഈ സമയം നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.

അപകട സമയത്ത് ഒപ്പമുണ്ടായിരുന്നവരാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ആകാശ് മരണപ്പെട്ടിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പള്ളിക്കത്തോട് പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K