24 April, 2026 05:02:06 PM


കനത്ത ചൂട്: സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ



കോട്ടയം:  ചൂട് വർധിച്ച സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണ പൊതുജനങ്ങൾക്കും വിവിധ വകുപ്പുകൾക്കും നിർദ്ദേശം നൽകി. അന്തരീക്ഷ താപനിലയിലെ വർധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണിത്.

ആരോഗ്യകേന്ദ്രങ്ങൾ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്നും ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ തയാറായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആംബുലൻസുകളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ നൽകാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

 ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ട് ഇറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഇക്കാര്യം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനകൾ നടത്തണമെന്നും തൊഴിൽ വകുപ്പിന് കളക്ടർ നിർദേശം നൽകി. ട്രാഫിക് പൊലീസിന് കുടിവെള്ളവും തണലും ഉറപ്പാക്കുന്നതും യൂണിഫോമിൽ ഇളവ് അനുവദിക്കുന്നതും പരിഗണിക്കണം. തുറസ്സായ സ്ഥലത്തുള്ള പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ, സെലക്ഷൻ നടപടികൾ, തൊഴിൽമേളകൾ തുടങ്ങി എല്ലാ  പരിപാടികളും പകൽ 11 മുതൽ മൂന്നു വരെയുള്ള സമയങ്ങളിൽ കർശനമായി ഒഴിവാക്കണം. . ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും സമയക്രമീകരണം വരുത്തണം. തീപ്പിടിത്ത സാധ്യതയുള്ളതിനാൽ ഉത്സവങ്ങളുമായും മറ്റു പൊതുപരിപാടികളുമായും ബന്ധപ്പെട്ട് അതീവ ജാഗ്രത പുലർത്തണം. വെടിക്കെട്ടുകൾ, ആന എഴുന്നള്ളിപ്പ് പോലെയുള്ളവ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

​ അടിയന്തര നടപടികൾ സംബന്ധിച്ചുള്ള പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ

.പകൽ സമയത്ത് പരമാവധി പുറത്തിറങ്ങാതെയിരിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും വേണം.
. ഹൃദ്രോഗം. പ്രമേഹം, ചർമ്മരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.
. വീട്ടിലും തൊഴിലിടത്തും ധാരാളമായി ശുദ്ധജലം കുടിക്കുകയും വായു സഞ്ചാരം ഉറപ്പാക്കുകയും വേണം.
. പകൽ സമയത്ത് പുറം പണികളിൽ ഏർപ്പെടരുത്.
. ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം.
. പാദരക്ഷകൾ ധരിക്കണം. സൺ ഗ്ലാസ്സ് ഉപയോഗിക്കാൻ സാധിക്കുന്നവർ ഉപയോഗിക്കണം.
. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം.
. തൊഴിലുറപ്പ് പ്രവർത്തനം പകൽ സമയത്ത് പൂർണ്ണമായും നിർത്തി വെക്കണം.
. കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വെള്ളവും തണലും ഉറപ്പാക്കണം.
. ഹോട്ടലുടമകൾ, കുടുംബശ്രീ, യുവജന- സാംസ്‌കാരിക സംഘടനകൾ, ക്ലബുകൾ, മറ്റ് സന്നദ്ധ സംഘടനകൾ തുടങ്ങിയവയുമായി സഹകരിച്ച് പഞ്ചായത്തുകൾ കുടിവെള്ള വിതരണം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ ഇത്തരം സൗകര്യങ്ങൾ ശുചീകരിക്കുകയും വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വേണം.
. വിശ്രമിക്കാനുള്ള തണൽ ഇടങ്ങളും തണ്ണീർ പന്തലുകളും ഒരുക്കാൻ ശ്രമിക്കണം.
. തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം. മറ്റാരെയെങ്കിലും
അത്തരം സാഹചര്യത്തിൽ കാണുകയാണെങ്കിൽ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും ഉടനടി വൈദ്യസഹായം നൽകുകയും ചെയ്യണം.
. ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.
. മൃഗങ്ങൾക്കും കഠിന ചൂട് അസ്വസ്ഥതകൾ സൃഷ്ടിക്കാനിടയുള്ളതിനാൽ വന്യജീവി ആക്രമണം, തെരുവ് നായ ആക്രമണം തുടങ്ങിയവ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. വളർത്തു മൃഗങ്ങൾക്കും അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്കും വെള്ളവും ഭക്ഷണവും നൽകാൻ ശ്രദ്ധിക്കണം. വീട്ടിലെ മൃഗങ്ങൾക്ക് തണൽ ഒരുക്കുകയും പകൽ സമയത്ത് മേയാൻ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം.
ആരോഗ്യ വകുപ്പ്
. ജില്ലയിലെ മുഴുവൻ ആരോഗ്യ സംവിധാനത്തെയും സജ്ജരാക്കി നിർത്തണം.
. സൂര്യാഘാതവും ചൂടു കൂടുന്നതു മൂലമുണ്ടാകാനിടയുള്ള മറ്റ് അപകടങ്ങളെയും മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പ് നടത്തണം.
. ആരോഗ്യ കേന്ദ്രങ്ങളിൽ കിടക്ക, മരുന്ന്, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ, ആന്റിവെനം, പൊള്ളൽശുശ്രൂഷാ സൗകര്യം, ആംബുലൻസ് ലഭ്യത തുടങ്ങിയവ നിരന്തരം നിരീക്ഷിച്ച് ഉറപ്പു വരുത്തണം.
. സ്വകാര്യ ആരോഗ്യ സംവിധാനങ്ങളെയും ആയുഷ് സംവിധാനങ്ങളേയും സഹകരിപ്പിക്കാവുന്ന മേഖലകളിൽ സഹകരിപ്പിച്ചു കൊണ്ടുള്ള കർമ്മപദ്ധതി തയ്യാറാക്കണം.

തൊഴിൽ വകുപ്പ്
. തൊഴിൽ സമയം പുനഃക്രമീകരിച്ചു പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം. അതിനാവശ്യമായ പരിശോധനകൾ നടത്തേണ്ടതാണ്.
. അതിഥി തൊഴിലാളികളിലേക്കും മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.
വ്യാപാര കേന്ദ്രങ്ങളിലെയും മാർക്കറ്റുകളിലെയും വായുസഞ്ചാരം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ പരിശോധിക്കണം.
. ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം.
. ഓൺലൈൻ വിതരണ തൊഴിലാളികൾക്ക് അവരുടെ സംഭരണ കേന്ദ്രങ്ങളിലും ഭക്ഷണ വിതരണക്കാർക്ക് റെസ്റ്റോറന്റുകളുടെ സമീപത്തും തണലോടുകൂടിയ വിശ്രമ സൗകര്യം ഉണ്ടായിരിക്കണം.

​വിദ്യഭ്യാസ വകുപ്പ്
. അവധിക്കാല ക്ലാസുകൾ, ക്യാമ്പുകൾ എന്നിവ ഉയർന്ന താപനില മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കേണ്ടതാണ്.
. സ്വകാര്യ സ്‌കൂളുകൾക്കും ഇവ ബാധകമാക്കണം.
. അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും വായുസഞ്ചാരം, കുടിവെള്ളം, ടോയ്‌ലെറ്റ് തുടങ്ങിയ സൗകര്യങ്ങളും ഉറപ്പ് വരുത്തിക്കൊണ്ടുമാത്രം പരീക്ഷാ മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ അനുവദിക്കാവുന്നതാണ്.

​ പോലീസ്
. ഉയർന്ന താപനില മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ട്രാഫിക് ഡ്യൂട്ടി, വി.ഐ.പി ഡ്യൂട്ടി, ഉത്സവങ്ങളിലെ സുരക്ഷാ ഡ്യൂട്ടി തുടങ്ങി പുറം ഡ്യൂട്ടികളിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
. പുറം ഡ്യൂട്ടിയിൽ ഉള്ള പോലീസുകാർക്ക് വെള്ളം എത്തിക്കാനും തണൽ ഒരുക്കാനും ശ്രമിക്കണം. സൺഗ്ലാസ്, കുട എന്നിവ ഉപയോഗിക്കാൻ നിർദ്ദേശിക്കണം.
. തളർച്ചയോ മറ്റോ അനുഭവപ്പെട്ടാൽ ഉടനെ തന്നെ വൈദ്യസഹായം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കണം.
. പുറം ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ബൂട്‌സ്, സോക്‌സ്, ഷർട്ട് ഇൻസേർട്ട് പോലെയുള്ള കാര്യങ്ങളിൽ യൂണിഫോമിൽ ഇളവ് നൽകുന്നത് പരിഗണിക്കണം.
ജോലി സമയം ഇടവേളകളോടു കൂടി ക്രമീകരിക്കുന്നതും ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നതും പരിഗണിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925