14 May, 2026 03:43:22 PM


മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല, മുഖ്യമന്ത്രിയാകേണ്ടത് ചെന്നിത്തല- ജി. സുകുമാരൻ നായർ



കോട്ടയം: നിയുക്ത മുഖ്യമന്ത്രിയായി മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെരഞ്ഞെടുത്തതില്‍ അമര്‍ഷവുമായി എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കീഴ് വഴക്കങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ തീരുമാനമെടുക്കാന്‍ ആയിരുന്നെങ്കില്‍ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് കീഴടങ്ങിയെന്ന് സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

'ഭരണാധിപത്യ ധ്വംസനമാണ് നടന്നത്. കീഴ്‌വഴക്കങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. ഈ തീരുമാനമെടുക്കാന്‍ ആയിരുന്നെങ്കില്‍ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തേണ്ട കാര്യമില്ല. ഒരു മാനദണ്ഡവും സ്വീകരിച്ചില്ല. ജനാധിപത്യ രീതി പാലിച്ചില്ല. ലീഗ് ഭരണത്തില്‍ പിടിമുറുക്കും. സാദിഖലി തങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം. ഞങ്ങളുടെ അഭിപ്രായം അതല്ല', ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

മുഖ്യമന്ത്രിയാകാൻ മൂന്നുപേരും യോഗ്യരാണ്. എന്നാൽ മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ്‌ ചെന്നിത്തലയാണ് യോഗ്യൻ. വ്യക്തിപരമായി പറഞ്ഞാൽ യോഗ്യൻ ചെന്നിത്തലയാണെന്നും ജി. സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അഭിപ്രായം ആര് കൗണ്ട് ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു. സാമൂഹ്യ നീതി നടപ്പാക്കുമെന്നതിന് സാധ്യത കുറവാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ലീഗിന് വര്‍ഗീയത എന്ന് പറയുമ്പോള്‍ തന്നെ അമര്‍ഷമാണെന്നും എന്നാല്‍ കാണിക്കുന്നതെല്ലാം ഇതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K