12 May, 2026 12:10:05 PM


തിരുനക്കര ബസ് സ്റ്റാൻഡിൽ വയോധികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ഗുരുതര പരിക്ക്



കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ബസ് ഇടിച്ച് വയോധികയ്ക്ക്ഗുരുതര പരിക്ക്. കേരള സ്‌റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരി നട്ടാശേരി എസ്.എച്ച് മൗണ്ട് ഞെല്ലക്കാട്ട് വീട്ടിൽ സി.ഡി റോസി (70)നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നു രാവിലെ 10 മണിയോടെ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു അപകടം. 

തിരുവഞ്ചൂർ – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലാടൻ ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ ബസിൽ തന്നെ വന്നിറങ്ങിയ റോസ് ബസിനു മുന്നിലൂടെ തന്നെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയത്ത് ഇവർ റോഡ് മുറിച്ചു കടക്കുന്നത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തു. ഈ സമയത്ത് ഇവരെ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവർ റോഡിൽ വീണതോടെ ബസ് നിർത്തിയെങ്കിലും ശരീരത്തിൽ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങിയിരുന്നു. 

യാത്രക്കാരും എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ വീട്ടമ്മയുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞ് കോട്ടയം ട്രാഫിക് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K