22 April, 2026 01:07:50 PM
നന്ദഗോവിന്ദം ക്രിസ്തീയ ഗാനം പാടിയത് അപരാധമല്ല; മതസൗഹാർദം തകർക്കരുതെന്ന് ക്ഷേത്ര കമ്മിറ്റി

കോട്ടയം: നന്ദഗോവിന്ദം ഭജന്‍സ് ടീമിനെ പിന്തുണച്ച് വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഗാനം ആലപിച്ചതിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സ് നേരിട്ട സൈബര്‍ ആക്രമണത്തിലാണ് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി രംഗത്തെത്തിയത്. ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ക്ഷേത്ര കമ്മിറ്റി കണ്‍വീനറുടെ പിന്തുണ അറിയിച്ചത്.
ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയാണെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പരിപാടി നടത്തിയതെന്ന് ക്ഷേത്ര കമ്മിറ്റി പറയുന്നു.
ക്ഷേത്രഭാരവാഹികളുടെ പ്രസ്താവന
ഈ സാഹചര്യത്തിൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോൾ ,നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ടും അതിന് ഒരു പ്രചാരണമെന്ന് രീതിയിൽ നന്ദഗോവിന്ദം ഭജൻസ് ഫ്രീ ആയിട്ട് ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേർ വളരെയധികം വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്.
ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല. അതിനുള്ളിൽ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയിൽ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്.
നന്ദഗോവിന്ദത്തിൻ്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്. നവീൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട് അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ്പ്രോഗ്രാം കൺട്രോൾ ചെയ്തത് ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു.
എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ് അതാണ് ഈ നാട്ടിലെ സമ്പ്രദായവും.
ഈ നാട്ടിലെ ഏകതയും അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായി ജീവിക്കുന്നവരാണ് അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ.
കഴിഞ്ഞ ദിവസമാണ് കോട്ടയം നട്ടാശ്ശേരിയിലെ ക്ഷേത്ര പരിപാടിയില്‍ നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന 'ഈ പരദേവനഹോ' എന്ന ഗാനമാണ് സംഘം ആലപിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്കായി ഒരു ഗാനം ആലപിക്കട്ടെ എന്ന് ചോദിക്കുമ്പോള്‍ കാണികള്‍ കയ്യടിച്ച് സ്വീകരിക്കുന്നത് നന്ദഗോവിന്ദം ഭജന്‍സ് പുറത്തുവിട്ട വിഡിയോയില്‍ കാണാം. തുടര്‍ന്നാണ് ഇവര്‍ ഭക്തിഗാനം ആലപിച്ചത്.
വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ എതിര്‍പ്പുമായി ഒരുവിഭാഗം പ്രത്യക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിന്റെ പരിപാടിയില്‍ ക്രിസ്തീയഭക്തി ഗാനം പാടിയത് ശരിയായില്ല എന്നായിരുന്നു ഇവരുടെ വാദം. ഇതിനെതിരെയാണ് ഇപ്പോള്‍ ക്ഷേത്ര കമ്മിറ്റി തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. വിഷയത്തില്‍ നന്ദഗോവിന്ദം ഭജന്‍സും നിലപാട് വ്യക്തമാക്കിയിരുന്നു.
ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കി എന്നുണ്ടെങ്കില്‍ ആ വികാരത്തെ മാനിക്കുന്നു എന്ന് നന്ദഗോവിന്ദം ഭജന്‍സ് സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
'നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത. '- പോസ്റ്റില്‍ പറയുന്നു.
ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശശികലയുടെ പരിഹാസം.





