29 May, 2026 08:29:48 PM


കേരളം പത്ത് വർഷത്തിനുള്ളിൽ വയോജനസംസ്ഥാനം ആകും - ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ

'ബാറ്റൺ ഓഫ് ചേഞ്ച്' പ്രയാണത്തിന് ഏറ്റുമാനൂർ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയഷന്‍ സ്വീകരണം നല്‍കി




ഏറ്റുമാനൂർ: പത്ത് വർഷത്തിനകം കേരളം ഒരു വയോജന സംസ്ഥാനമായി മാറുമെന്നും അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള ക്രിയാത്മകനടപടികൾ സമസ്‌തമേഖലകളിലും ഉടനടി ആരംഭിക്കേണ്ടതുണ്ടെന്നും ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം പറഞ്ഞു. യുവതലമുറയെ ലഹരിയിൽ നിന്നും മോചിതരാക്കാനുള്ള നടപടികൾ ഇതിന്‍റെ ഭാഗമായി കാണണമെന്നും ഈ മേഖലയിൽ ഏറ്റുമാനൂർ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. 


മനോരമ ഓൺലൈൻ മികച്ച റസിഡന്‍റ്സ് അസോസിയേഷനുകൾക്കായി ഏർപ്പെടുത്തിയ ചുറ്റുവട്ടം അവാർഡ് ഏഴാം സീസണിന്‍റെ ഭാഗമായുള്ള 'ബാറ്റൺ ഓഫ് ചേഞ്ച്' പ്രയാണത്തിന് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് മേയർ വി.വി.രാജേഷ് ഫ്ലാഗ് ഓഫ് ചെയ്ത പ്രയാണത്തിന്‍റെ ഭാഗമായ ബാറ്റൺ നഗരസഭാ ചെയർമാൻ ടോമി കുരുവിളയില്‍നിന്നും അസോസിയേഷൻ പ്രസിഡന്‍റ് ബി.സുനില്‍കുമാറും ഭാരവാഹികളും ചേര്‍ന്ന് ഏറ്റുവാങ്ങി. 


ഏറ്റുമാനൂര്‍ നഗരത്തില്‍ നടന്ന ചടങ്ങില്‍ അസോസിയേഷൻ പ്രസിഡന്‍റ് ബി. സുനിൽകുമാര്‍ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ രശ്മി ശ്യാം, മനോരമ ഓൺലൈൻ അസിസ്റ്റന്‍റ് ന്യൂസ്‌ പ്രൊഡ്യൂസർ ശരത് ശിവശൈലം, അസോസിയേഷൻ രക്ഷാധികാരി ദിനേശ് ആർ ഷേണായ്, സെക്രട്ടറി ജി. വിനോദ് കുമാർ, രതീഷ് ബാബു  എന്നിവർ പ്രസംഗിച്ചു. പ്രയാണം വിവിധ റസിഡന്‍റ്സ് അസോസിയേഷനുകള്‍ സന്ദര്‍ശിച്ച് കാസര്‍ഗോഡ് സമാപിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K