12 May, 2026 03:13:57 PM


കെസിക്ക് വേണ്ടി സതീശനെ ഒറ്റിക്കൊടുത്തു; ഷാഫി പറമ്പിലിനെതിരെ കോൺഗ്രസ് പ്രവർത്തകര്‍



കോഴിക്കോട്: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം. കെസി വേണുഗോപാലിന് വേണ്ടി ഷാഫി വിഡി സതീശനെ ഒറ്റുകൊടുക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ജനഹിതം മനസ്സിലാക്കാതെ പ്രവര്‍ത്തിച്ചാല്‍, ഗ്രൂപ്പിന്റെ വക്താവായി മാറിയാല്‍ ഷാഫി ദുഃഖിക്കേണ്ടി വരുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ, നമ്മള് ജയിച്ചു സാര്‍, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു എന്നു പറഞ്ഞുകൊണ്ട് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി സൂരജിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ വലിയ ഫോട്ടോ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രം ഷാഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തര്‍ ഷാഫിക്ക് വിമര്‍ശനങ്ങളുടെ പൊങ്കാലയിടുന്നത്.

ഇത്രയേറെ കഷ്ടപ്പെട്ട് കേരളത്തെ വിജയത്തിലേക്ക് എത്തിച്ച വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം കൊടുത്തില്ലെങ്കില്‍ ഇനി ഒരു കോണ്‍ഗ്രസുകാരനായി തുടരില്ല. പകരം കോണ്‍ഗ്രസിന്റെ പരാജയത്തിനു വേണ്ടി മുന്നില്‍ നില്‍ക്കും. കെ സി ആണെങ്കില്‍ അദ്ദേഹത്തെ തോല്‍പ്പിക്കാനും മുന്നില്‍ നില്‍ക്കും എന്നാണ് ഒരാള്‍ അഭിപ്രായപ്പെടുന്നത്. കെസി മുഖ്യമന്ത്രി ആയാല്‍ ഞങ്ങളെ പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടും. പാര്‍ട്ടിയില്‍ ആളുണ്ടങ്കില്‍ അല്ലെ ഹീറോ പരിവേഷം ഉള്ളൂവെന്നും ഒരാള്‍ ഷാഫിക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

വിഡി സതീശന്‍ ഷാഫിക്ക് എതിരായത് രാഹുലിന്റെ കേസില്‍ വി ഡി എടുത്ത നിലപാടിലാണ്, ഷാഫി നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം അന്ന് സതീശന്‍ അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ പാര്‍ട്ടിയുടെയും പാര്‍ട്ടി അനുഭാവികളുടെയും അവസ്ഥ എന്തായിരിക്കും, നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ പറ്റുമായിരുന്നോ എന്ന് ഷാഫിയും ടീമും ഓര്‍ത്താല്‍ നല്ലത്. ചില നിലപാടുകള്‍ വ്യക്തികള്‍ക്ക് അതീതമായി എടുക്കണ്ട വരും. ഷാഫി മനസിലാക്കിയില്ലെങ്കില്‍ നിങ്ങളെയും അണികള്‍ തള്ളിക്കളയും. ഒന്നിനും അധികം സമയം വേണ്ട എന്നാണ് ഒരു കുറിപ്പ്.

ഒന്നേ പറയാനൊള്ളൂ. .....ഹൈക്കമാന്റിനോടും കോണ്‍ഗ്രസ് mla മാരോടും. ..ജനങ്ങളുടെ താല്പര്യം മനസിലാക്കി നിങ്ങള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ! കഴിഞ്ഞ 5 വര്‍ഷം പണിയെടുത്തവനെ മറന്നു നിങ്ങളുടെ തീരുമാനം വന്നാല്‍ സിപിഎംന്ന് പയ്യന്നൂരും,തളിപ്പറമ്പും സംഭവിച്ചത് കോണ്‍ഗ്രസിലും വരും കാലങ്ങളില്‍ ജനങ്ങള്‍ സമ്മാനിക്കും. ....! തീര്‍ച്ച എന്നാണ് ഒരു മുന്നറിയിപ്പ്. കെസിക്ക് വേണ്ടി ഷാഫി കേരളത്തിലെ മൊത്തം ജനങ്ങളെ വഞ്ചിച്ചെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. വിഡിയെ ഒറ്റിയാല്‍ ഷാഫി ആണെങ്കിലും തോല്‍പ്പിക്കുമെന്ന് മറ്റൊരാള്‍ മുന്നറിയിപ്പ് നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945