09 May, 2026 10:48:24 AM


'അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും'; കുഴൽനാടനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ



കൊച്ചി: കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. 'അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും' എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു ഉണ്ണിത്താന്റെ കടന്നാക്രമണം. ഇത്തരം പ്രസ്താവനകൾ നടത്താൻ മാത്യു കുഴൽനാടന് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചതും പ്രിയങ്ക ഗാന്ധി വയനാട് എംപിയായതും കാസർകോട് താൻ വിജയിച്ചതും കെ. സുധാകരൻ, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ നിയമസഭയിലേക്കും പാർലമെന്റിലേക്കും എത്തിയതും ലീഗിന്റെ കൂടി പിന്തുണയോടെയാണെന്ന് ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു. തങ്ങൾക്കാർക്കും ഇല്ലാത്ത എന്ത് അധികാരമാണ് മാത്യു കുഴൽനാടന് ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

മുസ്ലിം ലീഗ് യുഡിഎഫിന്റെ ടീമില്‍പ്പെട്ട ആളുകളാണ്. അവര്‍ക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. അത് രഹസ്യമായും പരസ്യമായും പറയാം. യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നത് ന്യൂനപക്ഷങ്ങള്‍ സഹായിച്ചതുകൊണ്ടാണ്. അവര്‍ക്കൊക്കെ അവരുടെ ആഗ്രഹങ്ങള്‍ രഹസ്യമായും പരസ്യമായും പറയാന്‍ ആഗ്രഹമുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ഉപയോഗിക്കുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. അഭിപ്രായം പറയുന്നവരെ കൊച്ചാക്കുന്ന പ്രവണത ശരിയല്ല. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946