27 April, 2026 01:18:28 PM


സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15-30 മിനിറ്റ് വരെ പവർകട്ട്, എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും



തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം 'പീക്ക് ലോഡ് മാനേജ്മെന്‍റ് "എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. വൈദ്യുതമുടക്കം എസ്എംഎസ് ആയി ഉപഭോക്താക്കളെ അറിയിക്കും. അതാത് പ്രദേശത്തിന്റെ സാഹചര്യവും, വൈദ്യുത ഉപയോഗ തോതും പരിഗണിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി നിയന്ത്രണത്തിന് പുറമെ സമാന്തരമായ മറ്റ് മാര്ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്. വൈകീട്ട് ആറിനും രാത്രി 11 നും ഇടയില്‍ വൈദ്യുതി ഉപഭോഗം വളരെ ഉയര്‍ന്നിരിക്കുകയാണ്. ലോഡ് താങ്ങാന്‍ കഴിയാത്തത്ര തരത്തില്‍ ഉയരുമ്പോള്‍ സിസ്റ്റം തന്നെ തകരാറിലാകാന്‍ ഇടയാക്കുമെന്ന് കെഎസ്ഇബി പറയുന്നു.

നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ വൈകീട്ട് 6-നും രാത്രി 11-നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും ആറുമണിക്കുശേഷം ഒഴിവാക്കണം. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും, അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933