03 April, 2026 05:43:14 PM
വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം; കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്

കണ്ണൂര്‍ : സിപിഎമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സിപിഎമ്മിനെയും ജനമധ്യത്തില്‍ അവഹേളിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ലക്ഷ്യമിട്ട് നടത്തിയ വ്യാജ പ്രസ്താവനകള്‍ പിന്‍വലിച്ച് നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് നോട്ടീസ് അയച്ചത്. സിപിഎം ഓഫീസില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്നയാരുന്നു കെസി വേണുഗോപാലിന്റെ ആരോപണം.
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരിക്കെ മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് വേണുഗോപാല്‍ ശ്രമിക്കുന്നത്. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസായ എകെജി ഭവന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിക്കുന്നുവെന്നായിരുന്നു ഏപ്രില്‍ രണ്ടിന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വേണുഗോപാല്‍ നടത്തിയ വ്യാജാരോപണം. കല്ല്യാശേരിയിലെ വോട്ടുകള്‍ പയ്യന്നൂരില്‍ ചേര്‍ത്ത് ഇരട്ടവോട്ടുണ്ടാക്കി കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ഉന്നത നേതാക്കളുടെ അറിവോടെയാണിതെന്നുമുള്ള കള്ളപ്രചാരണമാണ് അദ്ദേഹം നടത്തിയത്.







