28 March, 2026 10:01:08 AM


തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി



തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒറ്റയ്ക്കു താമസിക്കുന്ന അറുപത്തിനാലുകാരിയെ വീട്ടിൽക്കയറി വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാർച്ച് 26-ാം തീയതി രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുറന്നുകിടന്ന അടുക്കള വാതിലിലൂടെയാണ് പ്രതി വീടിനുള്ളിൽ കടന്നത്. തുടർന്ന് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇവർ നിലവിളിച്ചെങ്കിലും തൊട്ടടുത്ത വീടുകളിൽ ആളില്ലാതിരുന്നതിനാൽ സഹായം ലഭിച്ചില്ല. പ്രതി കടന്നുകളഞ്ഞതിന് പിന്നാലെ അവശയായ സ്ത്രീ ബന്ധുവിനെ ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

സ്ത്രീയുടെ വീടിന് സമീപത്തെ കടയിലെത്തിയ പ്രതി ഇവർ തനിച്ചാണെന്ന് മനസ്സിലാക്കിയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ മുൻപും സമാനമായ കേസുകൾ ഉള്ളതായി മംഗലപുരം പോലീസ് വ്യക്തമാക്കി. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയാതായി പോലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920