29 October, 2026 01:32:34 PM


കൊഴിഞ്ഞാമ്പാറയിലെ കുട്ടികളുടെ കൊലപാതകം; അമ്മയുടെ ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ



പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ രണ്ടു കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയായ അമ്മ നിവേദ്യയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. പ്രതി നിവേദ്യ താമസിച്ച വാടക വീടിന്റെ അടുത്തുള്ള ആളാണ് പൊലീസിന്റെ പിടിയിലായത്.

സെപ്റ്റംബര്‍ 29 നാണ് അഞ്ച് വയസ്സുകാരി ജെനിഫര്‍, മൂന്നു വയസ്സുകാരനായ സഹോദരന്‍ റോബിന്‍ എന്നിവര്‍ വീടിന് മുന്നിലെ കുളിമുറിയിലെ സിമന്റ് ടാങ്കില്‍ വീണ് മരിച്ചത്. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ കുടുംബാംഗങ്ങള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തുകയും ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തത്. കുട്ടികളുടെ പിതാവ് ജോണ്‍ കുമാര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് തനിക്ക് ജോലിക്ക് പോകണമെന്നും കുട്ടികള്‍ അതിന് തടസ്സമാകുന്നുവെന്നുമായിരുന്നു നിവേദ്യ പറഞ്ഞത്. തന്റെ സ്വതന്ത്രമായ ജീവിതത്തിന് മക്കള്‍ തടസ്സമാണ്. മോഡലിങിന് പോകാനാണ് താത്പര്യമെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം ഇന്നാണ് പൊലീസിന് നിവേദ്യയെ കസ്റ്റഡിയില്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആണ്‍സുഹൃത്തിന്റെ പങ്ക് പുറത്തുവന്നിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937