16 November, 2026 06:19:21 PM


കഴക്കൂട്ടത്ത് ലഹരി സംഘം പൊലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റി, 4 പൊലീസുകാർക്ക് പരിക്ക്



തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസിന് നേര്‍ക്ക് ജീപ്പ് ഇടിച്ചു കയറ്റി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. ഡാന്‍സാഫ് സംഘത്തിന്റെ ബൈക്കിന് മുകളിലേക്കാണ് ലഹരി സംഘം ജീപ്പ് ഓടിച്ചു കയറ്റിയത്. നാലു പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ ഡാന്‍സാഫ് സംഘത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദീപുരാജിന്റെ കൈ ഒടിഞ്ഞു തൂങ്ങി. പരിക്കേറ്റ പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലഹരി സംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസര്‍കോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. എംഡിഎംഎയുമായി ഒരു സംഘം വരുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇവരുടെ വാഹനം കൈകാണിച്ച് തടഞ്ഞപ്പോഴാണ് ജീപ്പ് പൊലീസുകാരുടെ ബൈക്കിന് മുകളിലേക്ക് ഓടിച്ചു കയറ്റിയത്. പൊലിസിനെ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918