03 November, 2026 09:45:04 AM
ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 3.60 കോടി രൂപയുടെ തട്ടിപ്പ്; രണ്ടാം പ്രതി അറസ്റ്റില്

കോട്ടയം: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് 3,60,90,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാഞ്ഞിരംപാറ പി.ഒ.യിൽ ശ്യാം നിവാസ്, ൽ താമസിക്കുന്ന വിജയകുമാറിന്റെ മകൻ ശ്യാം വി.ജെ. (36) ആണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ കേസിലാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ച് DYSP സാബു പി.കെ.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പരാതിക്കാരനായ വർഗീസ് സെബാസ്റ്റ്യനിൽനിന്ന് പണം തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം നൽകി വിശ്വാസം നേടിയെടുത്ത ശേഷം വലിയ നിക്ഷേപങ്ങളിലൂടെ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി പണം കൈക്കലാക്കുകയായിരുന്നു.
2025 നവംബർ 20 മുതൽ 2026 ഫെബ്രുവരി 9 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെയും ഭാര്യയുടെയും സഹോദരന്റെയും സ്ഥാപനത്തിലെ രണ്ട് ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ 29 ലക്ഷം രൂപ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എം/എസ് ഫിന്റിക് കൺസ്യൂമബിൾസ് മാനുഫാക്ചറേഴ്സ് ആൻഡ് ഡീലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിലേക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ശ്യാം വി.ജെ., രേഷ്മ രത്നാകരൻ എന്നിവരാണ് സ്ഥാപനത്തിൽ തുല്യ പങ്കാളിത്തമുള്ളവരെന്നാണ് അന്വേഷണത്തിൽ വെളിവായിട്ടുള്ളത്.
ഇത്തരത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ ആകെ 3,60,90,000 രൂപ പരാതിക്കാരനിൽനിന്ന് കൈക്കലാക്കിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ജില്ലാ ക്രൈം ബ്രാഞ്ച് CI നൗഫൽ എ., ASI സുരേഷ് എം.കെ. SCPO സുജിത് സി.,ASI ഇന്ദുകലാദേവി, CPO ദീപക് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




