10 November, 2026 12:21:22 PM


തിരൂരങ്ങാടിയില്‍ 24 പവന്‍ സ്വര്‍ണവും 5 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ 4 പേര്‍ പിടിയില്‍



മലപ്പുറം: തിരൂരങ്ങാടിയില്‍ 24 പവന്‍ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. മോഷണം നടത്തിയത് 17 കാരെക്കൊണ്ടാണ്. ഒരു കുട്ടിയുടെ തിരൂരങ്ങാടി കോഴിചെനയിലെ അടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

17 വയസ്സുകാരന്‍ ആദ്യം സ്വന്തം ആവശ്യത്തിന് കുറച്ച് സ്വര്‍ണമെടുത്തു. തുടര്‍ന്ന് വില്‍പ്പനയ്ക്കായി ചക്കരമൂല സ്വദേശികളായ കുറ്റവാളികളെ ഏല്‍പ്പിച്ചു. പിന്നാലെ കേസും കുരുക്കും ആയെന്നും, ഇതില്‍ നിന്നും ഊരാന്‍ കൂടുതല്‍ പണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മറ്റൊരു 17 കാരന്റെ കൂടി സഹായത്തോടെയാണ് കുട്ടി ബന്ധു വീട്ടില്‍ കവര്‍ച്ച നടത്തിയത്.

കേസില്‍ ചക്കരമൂല സ്വദേശി ഷുഹൈദ് (25), എആര്‍ നഗര്‍ സ്വദേശി ഉബൈദ് എന്നിവരാണ് പിടിയിലായത്. രണ്ടു 17 വയസ്സുകാരെയും പിടികൂടിയിട്ടുണ്ട്. കുട്ടികളെ ജാമ്യത്തില്‍ വിട്ടയച്ചു. ഷുഹൈദിന്റെ പേരില്‍ വധശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ കേസുകളുണ്ട്. ഉബൈദിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925