17 October, 2026 10:19:22 AM
അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം; പ്രതി റിമാൻഡിൽ

കോട്ടയം: അകലക്കുന്നം വില്ലേജിലെ അരുവിക്കുഴി ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തുകയും വീട്ടിലെ സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ വില്ലേജിലെ നെടിഞ്ഞാൽ ഭാഗത്ത് സിന്ധുനിലയം വീട്ടിൽ രവീന്ദ്രൻ നായരുടെ മകൻ ശ്രീകാന്ത് ആർ (41) ആണ് കേസിലെ ഒന്നാം പ്രതി. 2026 ഓഗസ്റ്റ് 14 വൈകിട്ട് ആറിനും ഓഗസ്റ്റ് 16 രാവിലെ 7.55നും ഇടയിലാണ് കേസിനാസ്പദമായ സംഭവം.
അകലക്കുന്നം വില്ലേജിലെ അരുവിക്കുഴി ഭാഗത്തുള്ള ഞായറുകുളത്ത് വീട്ടിൽ പുറകുവശത്തെ ഗേറ്റും വർക്ക് ഏരിയയിലെ വാതിലും തകർത്താണ് പ്രതി അകത്തുകടന്നത്. തുടർന്ന് അലമാരകളും മുറികളിലുണ്ടായിരുന്ന പെട്ടികളും മറ്റും കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു. ഒന്നാം നിലയിലെ ഹാളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10,000 രൂപ വിലവരുന്ന ഹാർഡ് ഡിസ്ക് മോഷ്ടിച്ചുകൊണ്ടുപോയതായും വീട്ടിനു ചുറ്റും സ്ഥാപിച്ചിരുന്ന ഏഴോളം സിസിടിവി ക്യാമറകൾ നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ ഏകദേശം 50,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





