13 March, 2026 11:31:11 AM


സ്ഥാനാർഥി നിർണയ ചർച്ചയിൽ പങ്കെടുക്കാതെ ഡൽഹിയിൽ നിന്ന് മടങ്ങി കെ സുധാകരൻ



ന്യൂഡല്‍ഹി: സ്ഥാനാർഥി നിർണയത്തിൽ കെ സുധാകരന് അതൃപ്തി. കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾ നടക്കുന്ന ഡൽഹിയിൽ നിന്നും മടങ്ങി. കെ സുധാകരന് പ്രതിഷേധമില്ലെന്നും നാട്ടിൽ പരിപാടികൾ ഉള്ളതിനാലാണ് തിരികെ പോയതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ മത്സരിക്കനായി താത്പര്യമുണ്ടെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു. നിലവിലുള്ള എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കവേയാണ് കെ സുധാകരന്റെ അതൃപ്തി പരസ്യമാക്കിയുള്ള ഈ നടപടി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ഥിരമായി തോല്‍ക്കുന്നവരെ ഒഴിവാക്കുനാണ് തീരുമാനമെന്നും സൂചനയുണ്ട്. സിപിഐ വിട്ട നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സി സി മുകുന്ദനെ പിന്തുണക്കുന്നതില്‍ പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ട്.

കഴിഞ്ഞ ദിവസം നേതൃത്വവുമായി അതൃപ്തിയില്‍ കഴിയുന്ന കെ സുധാകരനെ ഡല്‍ഹിയിലെ ഫ്ളാറ്റിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയത്. മത്സര സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇവരെയും സണ്ണി ജോസഫ് കണ്ടത്. കണ്ണൂരില്‍ മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീതായിരുന്നു സണ്ണി ജോസഫ് നല്‍കിയത്. അതേസമയം കെ സുധാകരന് കണ്ണൂര്‍ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928