14 May, 2026 04:34:16 PM
'കെ സി വിജയത്തിന്റെ രാജശിൽപി; ചെന്നിത്തല ഭാഗ്യദോഷി- വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: യുഡിഎഫ് നേടിയ വമ്പൻ വിജയത്തിന് പിന്നിൽ മുന്നണിയുടെ കൂട്ടായ പ്രവർത്തിയാണെന്ന് വെള്ളാപ്പള്ളി നടേശൻ. രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, വി.ഡി സതീശൻ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കെ.സി വേണുഗോപാലാണ് വിജയത്തിന്റെ രാജശിൽപിയെന്നും രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നയാളും ഭാഗ്യദോഷിയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട സതീശൻ സാമൂഹിക നീതിക്ക് അടിസ്ഥാനമായ ഭരണം നടത്താൻ കഴിയട്ടെയെന്നും വെള്ളാപ്പള്ളി ആശംസിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും നയപരമായ നീക്കങ്ങളിലും കെ.സി വേണുഗോപാൽ ചെലുത്തിയ സ്വാധീനം വലുതാണ്. സാമ്പത്തികമായും ബുദ്ധിപരമായും യുഡിഎഫിന്റെ വിജയത്തിനായി അദ്ദേഹം ആത്മാർഥമായി പരിശ്രമിച്ചു. ഈ വിജയത്തിന്റെ പ്രധാന ശിൽപികളിലൊരാൾ വേണുഗോപാൽ തന്നെയാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പദവിക്കായി എപ്പോഴും പരിഗണിക്കപ്പെടുകയും എന്നാൽ അവസാന നിമിഷം അവഗണിക്കപ്പെടുകയും ചെയ്യുന്ന 'ഭാഗ്യദോഷി'യാണ് രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവായ ചെന്നിത്തലയെ ഒഴിവാക്കിയത് ശരിയായില്ലെന്നും അദ്ദേഹത്തിന് അർഹമായ പരിഗണന നൽകണമായിരുന്നുവെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മെയ്‌വഴക്കവും രാഷ്ട്രീയ അനുഭവസമ്പത്തും ചെന്നിത്തലയ്ക്കുണ്ട്. പുതിയ ഭരണസംവിധാനം എത്രനാൾ യോജിപ്പോടെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വമ്പൻ വിജയമാണ് കോൺഗ്രസിന്. പ്രതീക്ഷിച്ച ജയം എൽഡിഎഫിന് ലഭിച്ചില്ല. ഞാൻ അന്ന് പറഞ്ഞത്, 'പിണറായി ഭരണത്തിൽ വരാൻ ആഗ്രഹിക്കുന്നവനാണ് ഞാൻ' എന്നായിരുന്നു. അത് നടക്കുമോ ഇല്ലയോ എന്നല്ല. ഏതായാലും നടന്നില്ലെന്ന് മാത്രമല്ല, 102 സീറ്റിൽ ജയിക്കാൻ യുഡിഎഫിന് സാധിച്ചു. രമേശൻ ആയാലും വി ഡി സതീശൻ ആയാലും വേണുഗോപാലായാലും ഒരേമനസ്സോടെ യുഡിഎഫിനെ നയിച്ച് ഭരണം പിടിച്ചെടുക്കാനുള്ള പരിശ്രമം നടത്തി. ഘടകകക്ഷികളും സജീവമായി സഹകരിച്ചു. അവർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടാൻ യുഡിഎഫിന് സാധിച്ചു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണംകാഴ്ചവെക്കാൻ വി ഡി സതീശന് സാധിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.






