06 May, 2026 12:43:41 PM
ഗണേഷ്‌കുമാറിന്‍റെ തോൽവി: അടിത്തറയിളകി കേരള കോൺഗ്രസ് (ബി)

കൊട്ടാരക്കര: പത്തനാപുരത്തെ കെ.ബി. ഗണേഷ്‌കുമാറിന്റെ തോൽവി കേരള കോൺഗ്രസി(ബി)ന്റെ അടിത്തറയിളക്കി. പാർട്ടി പിറവിക്കുശേഷം ആദ്യമായി എം.എൽ.എ.മാർ ഇല്ലാതായ അവസ്ഥയാണ് ഇപ്പോഴുള്ളത്. മുൻപ് പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയിൽ തോറ്റപ്പോഴും പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാർ വിജയിച്ചിരുന്നു.
2006-ൽ സി.പി.എം. സ്ഥാനാർഥിയായ അയിഷാപോറ്റിയോട് ആർ. ബാലകൃഷ്ണപിള്ള പരാജയപ്പെട്ടതോടെ കൊട്ടാരക്കരയിൽ 'പിള്ള യുഗം' അവസാനിച്ചെങ്കിലും പാർട്ടി നിലനിന്നു. കേരള കോൺഗ്രസ് (ബി) എൽ.ഡി.എഫിൽ ചേർന്നതോടെ കൊട്ടാരക്കര സീറ്റ് നഷ്ടമായി. 2021-ൽ തിരഞ്ഞെടുപ്പുഫലം അറിഞ്ഞശേഷമാണ് ആർ. ബാലകൃഷ്ണപിള്ള മരിക്കുന്നത്. പിള്ളയില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽതന്നെ പാർട്ടിക്കുണ്ടായിരുന്ന ഏക സീറ്റിലും തോറ്റു.
ബാലകൃഷ്ണപിള്ള മരിക്കുംവരെ കേരള കോൺഗ്രസി(ബി)ന്റെ ആസ്ഥാനം കൊട്ടാരക്കരയായിരുന്നു. കൊട്ടാരക്കരയിലെ വീടിനോടുചേർന്ന പാർട്ടി ഓഫീസ് മന്ദിരമായിരുന്നു പ്രവർത്തനകേന്ദ്രം. ജില്ലാ കമ്മിറ്റി ഓഫീസും നിയോജകമണ്ഡലം ഓഫീസും ഇവിടെയായിരുന്നു. കെ.ബി. ഗണേഷ്‌കുമാർ പാർട്ടി ചെയർമാൻ ആയതോടെ ആദ്യം ചെയ്തത് കൊട്ടാരക്കരയിലെ ജില്ലാ കമ്മിറ്റി ഓഫീസ് മാറ്റുകയായിരുന്നു. പാർട്ടി യോഗങ്ങളിൽ ചെയർമാൻ പങ്കെടുക്കാതായി. കമ്മിറ്റികൾക്ക് നിർദേശം നൽകാൻ മാനേജർമാരെ നിയമിച്ചെന്ന ആക്ഷേപവും ഉയർന്നു.
ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പം നിലയുറപ്പിച്ചവരെല്ലാം പാർട്ടിയോടു പിണങ്ങി അകന്നു. 28 ജനപ്രതിനിധികൾ ഉണ്ടായിരുന്ന പാർട്ടിക്ക് പത്തനാപുരത്തും കൊട്ടാരക്കരയിലും പുനലൂരുമായി നിലവിലുള്ളത് 11 പേർ മാത്രം.






