17 May, 2026 07:17:19 PM


വിൻസെൻ്റിന് മന്ത്രിസ്ഥാനം നൽകാത്തതിൽ അതൃപ്തി; സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ബഹിഷ്കരിച്ചേക്കും



തിരുവനന്തപുരം: എം വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ അതൃപ്തി പ്രകടമാക്കി ലത്തീന്‍ സഭ. സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാനാണ് സഭയുടെ തീരുമാനം. ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കിയതിലും സഭയ്ക്ക് അതൃപ്തിയുണ്ട്. യുഡിഎഫിന് പരസ്യ പിന്തുണ നല്‍കിയിട്ടും ലത്തീന്‍ സഭയെ പരിഗണിച്ചില്ല എന്നാണ് ആക്ഷേപം. ലത്തീന്‍ സഭയെ അവഗണിച്ചാണ് മന്ത്രിസഭാ രൂപീകരണമെന്നും സഭയെ വോട്ട് ബാങ്ക് ആയി മാത്രം കണ്ടെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു.

'മന്ത്രിസഭാ രൂപീകരണത്തില്‍ സഭയെ പൂര്‍ണമായും അവഗണിച്ചു. തീരദേശ ജനപ്രതിനിധികളെ വിജയിപ്പിക്കാന്‍ നിര്‍ണായക പങ്കാണ് സഭ വഹിച്ചത്. തീരുമാനം നിരാശാജനകമാണ്. അമര്‍ഷവും അതൃപ്തിയും രേഖപ്പെടുത്തി. നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലത്തീന്‍ സഭ പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ പുനരാലോചന നടത്തും'- യൂജിന്‍ പെരേര പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങില്‍ 5 പാസുകളാണ് ലത്തീന്‍ അതിരൂപതയ്ക്ക് നല്‍കിയിരുന്നത്.

ലത്തീൻ സഭയെയും തീരദേശവാസികളെയും വെറുമൊരു വോട്ട് ബാങ്കായി മാത്രമാണ് കോൺഗ്രസും യുഡിഎഫും കണക്കാക്കിയതെന്ന് ഫാ. യൂജിൻ പെരേര കുറ്റപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പക്ഷത്തുനിന്ന് നാല് ലത്തീൻ സമുദായക്കാരായ എംഎൽഎമാരാണ് വിജയിച്ചുകയറിയത്. യുഡിഎഫിന് ലഭിച്ച ഈ വൻ ഭൂരിപക്ഷത്തിന് പിന്നിൽ ലത്തീൻ സഭയും മത്സ്യത്തൊഴിലാളി വിഭാഗവും നിർണ്ണായക പങ്കാണ് വഹിച്ചത്. എന്നിട്ടും ഈ നാല് പേരിൽ ഒരാളെപ്പോലും മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല. പ്രത്യേകിച്ച്, മുതിർന്ന നേതാവായ എം. വിൻസെന്റിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ കാണുന്നത് ചില അന്തർനാടകങ്ങളാണ്. ചിലർ തങ്ങളുടെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് മന്ത്രിസ്ഥാനങ്ങൾ നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി എന്നും തഴയപ്പെടുന്നത് മത്സ്യമേഖലയാണ്. ഇന്നും കടുത്ത വികസന മുരടിപ്പ് നേരിടുന്ന തീരദേശ മേഖലയുടെ ഉണർവിനായി ആ വിഭാഗത്തിൽ നിന്നുള്ള ഒരു മന്ത്രി ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ ഈ നിലപാടിൽ സഭയ്ക്ക് കടുത്ത പരിഭവമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933