30 April, 2026 08:48:17 PM
യാത്രയ്ക്കിടെ യുവാവിന്‍റെ കൈയറ്റു; കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി

സുല്‍ത്താന്‍ബത്തേരി: കെഎസ്ആര്‍ടിസി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നര കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്. അപകടത്തില്‍ യുവാവിന് കെഎസ്ആര്‍ടിസി 1,40,34,550 രൂപയും എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നാണ് ഉത്തരവ്. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പുറവെടുവിച്ചത്.
അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്ലം (19) നാണ് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ പരിക്കേറ്റത്. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എന്‍ജിനിയറിങ് കോളജില്‍ ഫാര്‍മസി കോഴ്സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. 2023 ജനുവരി പതിനേഴിനായിരുന്നു അപകടം.
അമ്പലവയല്‍ മാളിക എന്ന സ്ഥലത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് കെ എസ് ആര്‍ ടി സി ബസിന്റെ ഇടതു ഭാഗത്ത് സൈഡ് സീറ്റിലിരുന്ന് ബത്തേരിയിലേക്ക് യാത്രചെയ്യുകയായിരുന്നു മുഹമ്മദ് അസ്ലം. ബസ് മംഗലം കാപ്പ് എത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തിന് ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തപ്പോള്‍ റോഡരികിലെ വൈദ്യുതക്കാലില്‍ അസ്ലമിന്റെ ഇടതുകൈ ചേര്‍ത്ത് ഉരയുകയും കൈമുട്ടിന്റെ മുകളില്‍ വെച്ച് അറ്റുപോവുകയുമായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല.
അപകടത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് ബത്തേരിയിലെ അഭിഭാഷകനായ ടി ആര്‍ ബാലകൃഷ്ണന്‍ മുഖേന വയനാട് എം എ സി ടി കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഇപ്പോള്‍ അനുകൂല വിധിയുണ്ടായിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ബസ് ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി യാണ് നഷ്ടപരിഹാര തുക ഹര്‍ജിക്കാരന് നല്‍കേണ്ടത്. സംഭവത്തെ തുടര്‍ന്ന് യുവാവിനുണ്ടായ മാനസിക ആഘാതവും പ്രായവും തുടര്‍വിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതിയുടെ വിധി.






