07 May, 2026 11:06:30 AM


പിണറായിയോട് താല്പര്യമില്ല; ബാലഗോപാൽ പ്രതിപക്ഷ നേതാവാകാൻ സാധ്യത



കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് ഭരണം നഷ്ടപ്പെട്ട എൽഡിഎഫിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും പത്തു വർഷം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പിണറായി വിജയനും വിമർശനങ്ങൾ ഏറുകയാണ്. തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണം ഇവർ ഇരുവരുമാണെന്ന വിമർശനം ശക്തമായിരിക്കെയാണ് ആരാകും അടുത്ത പ്രതിപക്ഷ നേതാവെന്ന ചോദ്യം. 

പാർട്ടിയുടെ തോൽവി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് പല കോണിൽ നിന്ന് ഉയരുമ്പോൾ പ്രതിപക്ഷ നേതാവാകാൻ പിണറായിക്കും താല്പര്യമില്ല അണികൾക്കും താല്പര്യമില്ല. പരാജയത്തിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാന്‍ ഒരു പുതിയ മുഖം വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. 

മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പാര്‍ട്ടിയിലെ സീനിയോറിറ്റിയും ഭരണകാര്യങ്ങളിലുള്ള അറിവും ബാലഗോപാലിന് മുന്‍തൂക്കം നല്‍കുന്നു. കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ മാത്രം പാര്‍ട്ടിയെയും ഭരണത്തെയും നയിക്കുന്നു എന്ന ആക്ഷേപം പരിഹരിക്കാന്‍, തെക്കന്‍ കേരളത്തില്‍ നിന്നുള്ള, പ്രത്യേകിച്ച് കൊല്ലം ജില്ലയില്‍ നിന്നുള്ള ബാലഗോപാലിനെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നത് ഗുണകരമാകുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

ശക്തമായ യുഡിഎഫ് തരംഗത്തിലും പിടിച്ചുനിന്ന നേതാവാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പക്ഷേ, വെറും 1012 വോട്ടുകളാണ് ബാലഗോപാലിന്റെ ഭൂരിപക്ഷം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആയിരത്തിലേറെ ഭൂരിപക്ഷം വലിയ കാര്യമെന്ന് കരുതി ആശ്വസിക്കുകയാണ് പാര്‍ട്ടി. മുന്‍ എംഎല്‍എ പി അയിഷ പോറ്റിയെയാണ് ബാലഗോപാല്‍ തോല്‍പിച്ചത്. സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ അയിഷ പോറ്റിയെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള യുഡിഎഫ് നീക്കം പാളി. 63,926 വോട്ടുകളാണ് ബാലഗോപാല്‍ നേടിയത്. അയിഷ പോറ്റി 62,914 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍ രശ്മി 20,664 വോട്ടുകള്‍ നേടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K