12 May, 2026 02:44:17 PM


ചിറകിൽ തീ; ചെന്നൈയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം റദ്ദാക്കി



ചെന്നൈ: ചെന്നൈയിൽ നിന്നും അബുദാബിയിലേക്ക് തിരിക്കാനിരുന്ന എത്തിഹാദ് എയർവേയ്‌സ് വിമാനത്തിന് ടേക്ക് ഓഫിന് തൊട്ടുമുമ്പ് തീപിടിച്ചു. വിമാനത്തിന്റെ ഇടത് ചിറകിലാണ് തീ കണ്ടത്. ചൊവ്വാഴ്ച രാവിലെ ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ഇടത് ചിറകിൽ തീ പടരുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിൽ ആ സമയം 280-ഓളം യാത്രക്കാരുണ്ടായിരുന്നു. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ പൈലറ്റ് യാത്ര റദ്ദാക്കുകയും എമർജൻസി വിഭാഗത്തെ വിവരം അറിയിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ എമർജൻസി റെസ്‌പോൺസ് ടീമും ഫയർ സർവീസ് ഉദ്യോഗസ്ഥരും നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. തീ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരുന്നതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടുത്തത്തെത്തുടർന്ന് സർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ചിറകിൽ തീപിടിക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സിവിൽ ഏവിയേഷൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917